ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായി മൂടാടി ഗ്രാമപഞ്ചായത്ത്.

ഡയാലിസിസ് ആവശ്യമുള്ള രോഗികൾക്ക് കൈത്താങ്ങാവുകയാണ് മൂടാടി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവൻ രോഗികൾക്കും ധനസഹായം വിതരണം ചെയ്തു. പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ധനസഹായ വിതരണം നടന്നത്. 18 വാർഡുകളിലെയും അർഹരായ രോഗികളെ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് യൂണിറ്റിൻ്റെ സഹായത്തോടെ കണ്ടെത്തിയാണ് ധനസഹായ വിതരണം നടത്തിയത്.

മാരക രോഗങ്ങൾ ബാധിച്ച് പ്രയാസമനുഭവിക്കുന്നവർക്ക് പരമാവധി സഹായമെത്തിക്കാൻ ദുരിതാശ്വാസ നിധി വിപുലീകരിക്കാൻ ഭരണ സമിതിയും പൊതു പ്രവർത്തകരും ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാനും തീരുമാനമായി. പഞ്ചായത്തിലെ സ്ഥാപനങ്ങൾ, സംഘടനകൾ,വ്യക്തികൾ എന്നിവരെ ഏകോപിപ്പിച്ച് സഹായ നിധി വിപുലീകരിക്കാൻ ഗ്രാമപഞ്ചായത്ത് മുൻകൈയ്യെടുക്കും.പഞ്ചായത്ത് സെക്രട്ടറി കൺവീനറും പ്രസിഡൻ്റ് ചെയർമാനുമായ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക് താല്പര്യമുള്ളവർക് ഫണ്ട് നിക്ഷേപിക്കാവുന്നതാണ്. രോഗം കാരണം തകർന്നു പോയ കുടുംബങ്ങൾക്ക് ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ പറഞ്ഞു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി കെ ഭാസ്കരൻ, എം.പി അഖില, വാർഡ് മെമ്പർ പി.പി കരീം, മൂടാടി വില്ലേജ് ഓഫീസർ ജയൻ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വിജയരാഘവൻ മാസ്റ്റർ, ചേന്നോത്ത് ഭാസ്കരൻ, റഫീഖ് ഇയ്യത്ത് കുനി എന്നിവർ സംസാരിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.മോഹനൻ സ്വാഗതവും സെക്രട്ടറി എം.ഗിരീഷ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!