ഷാഫി പറമ്പിലിന് പാലക്കാടിന്റെ വൈകാരികയാത്രയയപ്പ്
പാലക്കാട് : കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട് പാലക്കാട് നിന്ന് വടകരയില്‍ മത്സരിക്കാനെത്തുന്ന ഷാഫി പറമ്പിലിന് പാലക്കാടിന്റെ വൈകാരികയാത്രയയപ്പ്. പൊട്ടിക്കരഞ്ഞും കെട്ടിപ്പിടിച്ചും പ്രവര്‍ത്തകര്‍ ഷാഫി യാത്രയാകുന്നതിലെ വിഷമം പങ്കുവെച്ചു. പാലക്കാടുമായി ഹൃദയബന്ധമാണ് തനിക്കുളളതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാടുമായുളളത് അറുത്തുമാറ്റാനാകാത്ത ഹൃദയബന്ധമാണെന്നും ബിജെപിക്ക് ഒരിക്കലും പാലക്കാട് സീറ്റ് വിട്ടുനല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പ്രചരണത്തിന് താന്‍ തന്നെ മുന്നിലുണ്ടാകുമെന്നും ഉറപ്പ് നല്‍കി. കഴിഞ്ഞതവണയും ഷാഫിയെ വിജയിപ്പിച്ച മണ്ഡലം ശക്തമായ പോരാട്ടത്തിലൂടെയാണ് ഷാഫി സ്വന്തമാക്കിയത്. വടകരയിലും വിജയത്തില്‍ കുറഞ്ഞൊരു പ്രതീക്ഷ കോണ്‍ഗ്രസ് ക്യാമ്പിനില്ല.
രാവിലെ 10 മണിക്ക് വടകരയിലേക്ക് തിരിക്കുമെന്ന് ഇന്നലെ രാത്രി ഷാഫി നല്‍കിയ സന്ദേശം. ഓഫീസിന് മുന്നിലെത്തിയ മാധ്യമപ്പടയാകെ ഞെട്ടി. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ക്ക് സമാനമായി എംഎല്‍എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയത് വന്‍ ജനക്കൂട്ടമാണ്. തങ്ങളുടെ പ്രിയപ്പെട്ട എംഎല്‍എയെക്കണ്ട് യാത്ര പറയാന്‍ എത്തിയ പാലക്കാട്ടുകാരില്‍ ചിലര്‍ പൊട്ടിക്കരഞ്ഞു. കെട്ടിപ്പിടിച്ചു. വടകരയില്‍ വിജയിച്ചുവരണമെന്ന് അനുഗ്രഹിച്ചു.