കൊയിലാണ്ടി നഗരസഭാ പരിധിയിലെ 78000 പേർക്ക് ശുദ്ധജലം ലഭ്യമാകും
കൊയിലാണ്ടി: കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന കൊയിലാണ്ടി നഗര ശുദ്ധജല വിതരണ പദ്ധതി രണ്ടാംഘട്ട പ്രവൃത്തി പൂർത്തിയാവുന്നതോടെ നഗരസഭാ പരിധിയിലെ 78000 പേർക്ക് ശുദ്ധജലം ലഭ്യമാവും. രണ്ടാംഘട്ടമായി വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 120 കോടി രൂപയുടെ പദ്ധതിക്കാണ് ശനിയാഴ്ച തുടക്കമായത്.
വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള വിതരണ ശൃംഖലയും ചെറു സ്റ്റോർ ടാങ്കുകളും ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ട പ്രൊജക്ട്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു സോണുകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുന്നത്. ആകെ 360 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിക്കും.
നഗരസഭകളില്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയ്ക്ക് കീഴിലും ഫണ്ട് ഇതിനായ് മാറ്റിവെച്ചിട്ടുണ്ട്. 20 കോടി രൂപയാണ് അനുവദിച്ചത്.
15000 ഗാർഹിക കണക്ഷന്‍ നല്‍കാന്‍ ഈ തുക ഉപയോഗപ്പെടുത്തും.പൈപ്പുകൾ സ്ഥാപിക്കുന്നതിന് വേണ്ടി മുറിക്കുന്ന പൊതുമരാമത്ത് -മുനിസിപ്പാലിറ്റി റോഡുകളുടെ പുനസ്ഥാപന പ്രവൃത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി കിഫ്ബി മുഖേന 85 കോടി രൂപ ചെലവിട്ട് നഗരസഭയിൽ മൂന്ന് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. നടേരി വലിയ മലയിലും പന്തലായനി കോട്ടക്കുന്നിലും കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപം ജല അതോറിറ്റി ഓഫീസിന് മുകളിലായുമാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചത്. വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകൾ 17 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളതും ജല അതോറിറ്റി ഓഫീസിലേത് 23 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയിൽ നിന്നും ശുദ്ധജലം ടാങ്കുകളിൽ എത്തിക്കാനുള്ള പ്രധാന പൈപ്പ്‌ലൈൻ സ്ഥാപിക്കലും ഇതിനോടകം പൂർത്തിയായി.
രണ്ടാംഘട്ട പ്രവൃത്തി 2025 മെയ് മാസം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്.