ആശയങ്ങൾ പങ്കുവെക്കാൻ അവർ ഒത്തുകൂടി; വനിതകൾക്കായി വേദിയൊരുക്കി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതകൾക്കായി വേദിയൊരുക്കി കൊയിലാണ്ടി നഗരസഭ. കൊയിലാണ്ടി നഗരസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന സ്ത്രീ കൂട്ടായ്മ വിഷ് ( WISH -Women Initiative for Safe and Happy tomarrows) ന്റെ ആഭിമുഖ്യത്തിലാണ് മുനിസിപ്പൽ ടൗൺഹാളിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടുന്ന വനിതാ കൗൺസിലർമാർ, സെക്രട്ടറി ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർ, ഐ സി ഡി എസ്സ് സൂപ്പർവൈസറുടെ നേതൃത്വത്തിലുള്ള അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾ തുടങ്ങി സ്ത്രീകൾ മാത്രം അടങ്ങുന്ന വലിയൊരു കൂട്ടായ്മയാണ് വിഷ്.
വനിതാ ദിനാചരണത്തിന്റെ ഉദ്ഘാടനം എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാന്റിംഗ് കമറ്റി ചെയർപേഴ്സൺമാരായ ഇന്ദിര ടീച്ചർ, പ്രജില, നിജില പറവക്കൊടി, വനിതാ കൗൺസിലർമാർ, മുനിസിപ്പൽ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ഐ സി ഡി എസ്സ് സൂപ്പർവൈസർ സബിത സി, കുടുംബശ്രീ മെമ്പർ സെക്രട്ടറി രെമിത, സി ഡി എസ്സ് ചെയർപേഴ്സൺമാരായ വിബിന കെ കെ, ഇന്ദുലേഖ എന്നിവരും സംസാരിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിയായി തിരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക് വനിതാ കമ്മീഷൻ നൽകിയ അവാർഡ് വിതരണവും മുനിസിപ്പൽ ജാഗ്രത സമിതിയിലെ അംഗങ്ങളെ ആദരിക്കലും ചടങ്ങിൽ നടന്നു.
“സ്ത്രീകൾക്കായി നിക്ഷേപിക്കാം പുരോഗതി ത്വരിതപ്പെടുത്താം” എന്ന വനിതാ ദിന സന്ദേശത്തിൽ അധികരിച്ച് ടോക് ഷോയും നടന്നു. അന്വേഷി അജിത, മീഡിയ വൺ സീനിയർ കറസ്‌പോണ്ടന്റ് ഷിദ ജഗത്, സീനിയർ അഭിഭാഷക അഡ്വ സീന പി എസ്സ്, അദ്ധ്യാപികയും മുൻ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററുമായ കവിത പി സി എന്നിവർ ടോക് ഷോയിൽ പങ്കെടുത്തു. തുടർന്ന് സ്ത്രീ പക്ഷ സിനിമകളുടെ പ്രദർശനവും വിഷ് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. രാത്രി നടത്തവും ഇതിനോടൊപ്പം സംഘടിപ്പിച്ചു.









