മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി യൂണിറ്റും എച്ച് എം സി ലാബറട്ടറിയിൽ ഹോർമോൺ അനലൈസർ യൂണിറ്റും ഉദ്ഘാടനം ചെയ്തു



മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇനി ഫിസിയോതെറാപ്പി യൂണിറ്റും എച്ച് എം സി ലാബറട്ടറിയിൽ ഹോർമോൺ അനലൈസർ യൂണിറ്റും. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14.58 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി യൂണിറ്റും എച്ച് എം സി ലാബറട്ടറിയിൽ ഹോർമോൺ അനലൈസർ മെഷീനും പ്രവർത്തന സജ്ജമാക്കിയത്. മിതമായ നിരക്കിൽ ലാബ് ടെസ്റ്റുകൾ ചെയ്തുവരുന്ന ആശുപത്രി ലബോറട്ടറിയിൽ ഹോർമോൺ അനലൈസർ മെഷീൻ പ്രവർത്തന സജ്ജമാക്കുന്നതോടെ തൈറോയ്ഡ് പോലുള്ള ഹോർമോൺ ടെസ്റ്റുകൾ ജനങ്ങൾക്ക് ആശുപത്രിയിൽ നിന്ന് തന്നെ ചെയ്യാൻ സാധിക്കും.
ശുചിത്വ ഗുണനിലവാരം മാനദണ്ഡമാക്കി ദേശീയ ആരോഗ്യ ദൗത്യം ഏർപ്പെടുത്തുന്ന കായകൽപ്പ് പുരസ്കാരവും സംസ്ഥാന സർക്കാരിന്റെ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽസ് പുരസ്കാരവും മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നു. കൂടാതെ ഗുണനിലവാരത്തിന്റെ ദേശീയ അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷൂറൻസ് സ്റ്റാൻഡേർഡ് അക്രഡിറ്റേഷൻ 2020- 21 മുതൽ തുടർച്ചയായി നിലനിർത്തുന്നു. ഇ- ഹെൽത്ത് വഴിയുള്ള ചികിത്സ സേവനം എല്ലാവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലുള്ള മുഴുവൻ ജനങ്ങൾക്കും ഈ ഹെൽത്ത് യു എച്ച് ഐ ഡി കാർഡ് വിതരണവും പൂർത്തിയാക്കിയിട്ടുണ്ട്.
പാലിയേറ്റീവ് ഗൃഹപരിചരണ രംഗത്തും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ നടന്നുവരുന്നത്.
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് നേടുന്ന പദ്ധതികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ അധ്യക്ഷത വഹിച്ചു. ടി പി രാമകൃഷ്ണൻ എം.എൽ.എ ആശംസ സന്ദേശം നൽകി. എച്ച്.ഐ കെ.പങ്കജൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.സുനിൽ, വി.പി.രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, ഡോ. മഹേഷ്, എച്ച്.ഐ സി.പി.സതീശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി.അനിൽകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ വിക്രം.വി.വി സ്വാഗതവും എച്ച് ഐ എ.എം.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.









