എല്ലാ തദ്ദേശ സ്വയംഭര സ്ഥാപനങ്ങളിലും ഹോമിയോ ഡിസ്പെൻസറിയെന്ന വാഗ്ദാനം സർക്കാർ നിറവേറ്റിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്
തുറയൂർ: എല്ലാ തദ്ദേശ സ്വയംഭര സ്ഥാപനങ്ങളിലും ഹോമിയോ ഡിസ്പെൻസറിയെന്ന വാഗ്ദാനം സർക്കാർ നിറവേറ്റിയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.
തുറയൂർ ഗ്രാമപഞ്ചായത്തിലെ ഗവ ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ഓൺലെെനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഹോമിയോ സേവനം ലഭ്യമല്ലാതെയിരുന്ന 40 തദ്ദേശ സ്വയംഭര സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നുത്. അതിൽ പൂർണ്ണമായും പ്രവർത്തന സജ്ജമായ 33 ഡിസ്പെൻസറികളുടെ ഉദ്ഘാടനമാണ് വ്യാഴാഴ്ച നടന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ആയുഷ് മേഖലയിൽ 532.51 കോടി രൂപ വികസനത്തിന് വേണ്ടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
33 ഹോമിയോ ഡിസ്‌പെൻസറികളിൽ കോഴിക്കോട് ജില്ലയിൽ തുറയൂരിന് പുറമെ, ചോറോട്, ചങ്ങരോത്ത്, കായണ്ണ എന്നിവിടങ്ങളിലെ ഡിസ്‌പെൻസറികളും, മൂന്ന് മുനിസിപ്പാലിറ്റികളിലെയും ഹോമിയോ ഡിസ്പെൻസറിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
പ്രാദേശികമായി തുറയൂരിൽ നടന്ന ചടങ്ങിൽ താൽക്കാലിക കെട്ടിടത്തിന്റെ നാട മുറിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാമകൃഷ്ണൻ കെ എം, ദിപിന, സബിൻരാജ്, വാർഡ് മെമ്പർ ജിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ ഹെന്ന നന്ദിയും പറഞ്ഞു.