ചരിത്രം സത്യസന്ധതയോടെ രേഖപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമെന്ന് മന്ത്രി

ചരിത്രം മാറ്റിമറിക്കപ്പെടുന്ന കാലത്ത് ചരിത്രത്തെ അതിന്റെ തനിമയോടെ, സത്യസന്ധതയോടെ രേഖപ്പെടുത്തി വെക്കുക എന്നത് സാമൂഹികമായി ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്.

ചാലിയം മാലിക് ബിൻ ദിനാർ മസ്‌ജിദ് പൈതൃക ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. മസ്ജിദിന്റെ പാരമ്പര്യത്തിനോ തനിമയ്ക്കോ കോട്ടം വരാത്ത രീതിയിൽ ചരിത്ര വിദ്യാർത്ഥികൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ പുനരുദ്ധാരണ പ്രവർത്തികൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

പരിസ്ഥിതിയെയും സംസ്കാരത്തെയും പൈതൃകത്തെയും  സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. പ്രദേശവാസികൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനും സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. ബേപ്പൂരിന്റെ ചരിത്രപശ്ചാത്തലം നിലനിർത്തിക്കൊണ്ടുതന്നെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ചരിത്ര പ്രസിദ്ധമായ ‘ചാലിയം മാലിക് ബിൻ ദിനാർ മസ്ജിദിൻ്റെ’ പൈതൃക ടൂറിസം വികസന പ്രവർത്തികൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 99.90 ലക്ഷം രൂപയാണ് അനുവദിച്ചത്. മസ്ജിദിൻ്റെ പൈതൃകത്തിനും നിർമ്മിതിയ്ക്കും കോട്ടം വരാതെയുള്ള നവീകരണ പ്രവൃത്തികൾ, സൗന്ദര്യവത്ക്കരണത്തിൻ്റെ ഭാഗമായി മസ്ജിദ് പരിസരത്ത് ലാൻ്റ്സ്കേപ്പിംഗ്, ഇൻ്റർലോക്കിംഗ് പ്രവൃത്തി, ചുറ്റുമതിൽ നവീകരണം, പ്രവേശന കവാടത്തിൽ പടിപ്പുരയും ഗേറ്റും നിർമ്മിക്കുക തുടങ്ങിയവയാണ് പ്രധാനമായും നടപ്പിലാക്കുന്ന പ്രവൃത്തികൾ.

മസ്ജിദിൻ്റെ നവീകരണത്തിൻ്റെ ഭാഗമായി പാസേജിൻ്റെ വീതി കൂട്ടി സൗകര്യം വർധിപ്പിക്കുക, നിലവിലെ റൂഫ് വർക്കിൽ വന്ന തകരാറുകൾ പരിഹരിക്കുക, പുതിയ ജനാലകൾ, വാതിലുകൾ, ഇലക്ട്രിക്കൽ റീ വയറിംഗ്, അലങ്കാര ലൈറ്റുകൾ, ഫാൾസ് സീലിംഗ് വർക്കുകൾ, പ്ലംബിംഗ് വർക്കുകൾ, ഭിത്തിയിൽ പ്ലാസ്റ്ററിംഗ് പ്രവൃത്തികൾ, ഫ്ലോറിംഗ് വർക്കുകൾ എന്നിവയാണ്  ഉൾപ്പെടുത്തിയിരിക്കുന്നത്.

കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ മുഖ്യാതിഥിയായി. കടലുണ്ടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ സി അഷ്റഫ്, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ്, ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘം വൈസ് പ്രസിഡന്റ് ഡോ. എ മുഹമ്മദ് ഹനീഫ് എന്നിവർ സംസാരിച്ചു. വിനോദസഞ്ചാര വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ സ്വാഗതവും ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘം സെക്രട്ടറി ഇ എം അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!