അഭയം സ്‌പെഷല്‍ സ്‌കൂള്‍ – രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് 1 വെള്ളിയാഴ്ച നടക്കും



അഭയം സ്‌പെഷല്‍ സ്‌കൂള്‍ കര്‍മ്മ നിരതമായ 25 സംവത്സരങ്ങള്‍ പിന്നിട്ടും, 1999 മാര്‍ച്ച് 18 ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആരംഭിച്ച സ്‌പെഷല്‍ സ്‌കൂള്‍ 2002 മുതല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് കീഴിലാണ് നടന്നു വരുന്നത്. സ്‌പെഷല്‍ സ്‌കൂളിന് പുറമേ റസിഡന്‍ഷ്യല്‍ കെയര്‍ ഹോം, പാലിയേറ്റിവ് കെയര്‍ സെന്റര്‍, തൊഴില്‍ പരിശീലന കേന്ദ്രം, തെറപ്പി സെന്റര്‍, തുടങ്ങി അഞ്ച് സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ജില്ലയിലെ 108 ഭിന്നശേഷിക്കാര്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളില്‍ സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ് സൈക്കോളജിസ്റ്റ് മ്യൂസിക് ടീച്ചര്‍, ഡാന്‍സ് ടീച്ചര്‍, ഡ്രോയിംഗ് ടീച്ചര്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ എന്നിവരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ടു.
ബഹു തീവ്രേ വൈകല്യമുള്ളവര്‍ക്ക് ആജീവനാന്ത പരിരക്ഷ ഉറപ്പുനല്‍കുന്ന റസിഡന്‍ഷ്യല്‍ കെയര്‍ ഹോമില്‍ 13 പേരുടെ സംരക്ഷണം അഭയം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് അഭയം പ്രവര്‍ത്തകര്‍.
പ്രതിമാസം ആറര ലക്ഷം രൂപ ആവര്‍ത്തന ചെലവ് വരുന്ന അഭയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുമനസ്സുകളുടെ സഹായത്തോടെയാണ് നടന്നു വരുന്നത്.
ജനവരി മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന അഭയം സ്‌പെഷല്‍ സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 1 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് അഭയം സ്‌പെഷല്‍ സ്‌കൂളില്‍ വെച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യും.
കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി കേരള ഫോക്ലോര്‍ അവാര്‍ഡ് നേടിയ തെയ്യം കലാകാരന്‍ ശ്രീ കുഞ്ഞിം ബാലന്‍, ഓര്‍ഗാനിക് ഫാര്‍മേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജൈവ കൃഷി പ്രോത്സാഹനത്തിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ച ശ്രീ കെ. പി. ഉണ്ണി ഗോപാലന്‍ മാസ്റ്റര്‍, ഗിരീഷ് പുത്തഞ്ചേരി സ്മാരക ജില്ലാതല കവിതാ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീ ബിനേഷ് ചേമഞ്ചേരി പാരാ അത് ലറ്റിക് മീറ്റില്‍ 200 മീറ്റര്‍ ഓട്ട മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ ഭിന്നശേഷിക്കാരനായ ശ്രീ കെ.കെ അശോകന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
മാര്‍ച്ച് 2 ന് നടക്കുന്ന രണ്ടതോത്സവം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടക മത്സരത്തിലെ മികച്ച നടി കുമാരി ദല ആര്‍. എസ്. ഉദ്ഘാടനം ചെയ്യും. രജത ജൂബിലിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തില്‍ 25 ഫലവൃക്ഷ തൈ നടല്‍, ജില്ലാതല സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം, കിടപ്പു രോഗീ സംഗമം, സെമിനാറുകള്‍, പ്രവാസീ സംഗമം, ജൂബിലീ സ്മാരക കെട്ടിടോദ്ഘാടനം, സോവനീര്‍ പ്രകാശനം എന്നിവയു മുണ്ടാകും.
പത്ര സമ്മേളനത്തില്‍ അഭയം പ്രസിഡണ്ട് എം. സി. മമ്മദ് കോയ, ജനറല്‍ സിക്രട്ടറി മാടഞ്ചേരി സത്യനാഥന്‍, വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍ പൊറോളി, ട്രഷറര്‍ പി. പി. അബ്ദുള്‍ ലത്തീഫ്, അഡ്മിനിസ്‌ടേഷന്‍ സിക്രട്ടറി കെ. പി. ഉണ്ണി ഗോപാലന്‍ മാസ്റ്റര്‍, ക്ലാസ്സ് സിക്രട്ടറി ശശി കൊളോത്ത് പങ്കെടുത്തു.








