പഞ്ഞി മിഠായി എങ്ങനെ അപകടകാരിയാവുന്നു

 

ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചത്. തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യനാണ് പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചതായി അറിയിച്ചിരിക്കുന്നത്. ചെന്നൈയിലെ ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റും വില്‍ക്കുന്ന പഞ്ഞിമിഠായിയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്.

പഞ്ഞിമിഠായിയില്‍ ചേര്‍ക്കുന്ന നിറത്തിലടങ്ങിയിരിക്കുന്ന റോഡമിന്‍ ബി എന്ന രാസവസ്തുവാണ് ക്യാന്‍സറുണ്ടാകാന്‍ കാരണമാകുന്നത്. റോഡമിന്‍ ബി ഭക്ഷണണത്തില്‍ ഉള്‍പ്പെടുത്തുന്നത് 2006ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം കുറ്റകരമാണെന്നും തമിഴ്നാട് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. മുന്‍പ് ഭക്ഷ്യസുരക്ഷാ വകുപ്പ് മെറീന ബീച്ചില്‍ നടത്തിയ റെയ്ഡിലാണ് അപകടകാരിയായ രാസവസ്തു അടങ്ങിയ പഞ്ഞിമിഠായികള്‍ പിടിച്ചെടുത്തത്.

യു എസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ വെബ്സൈറ്റ് അപകടകാരിയായി വിലയിരുത്തിയ രാസവസ്തുവാണ് റോഡമിന്‍ ബി. ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്ന ഫുഡ് കളറന്റാണ് ഇത്. മുളകുപൊടിയിലും മറ്റും വളരെ ചെറിയ അളവില്‍ റോഡിമിന്‍ ബി ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്. റോഡമിന്‍ബിയുടെ ദീര്‍ഘകാലത്തെ ഉപയോഗം ശരീരകോശങ്ങള്‍ നശിക്കാന്‍ കാരണമാകും. റോഡിമിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ഈ രാസവസ്തു കോശങ്ങളില്‍ ഓക്സിഡേറ്റിവ് സ്ട്രെസ് ഉണ്ടാക്കും. പിന്നാലെ കരളിന്റെ പ്രവര്‍ത്തനം താളംതെറ്റുകയും, ക്യാന്‍സറിന് വരെ കാരണമാവുകയും ചെയ്യും. ഒപ്പം, തലച്ചോറിലെ സെറിബെല്ലം കോശങ്ങളിലും ബ്രെയിന്‍ സ്റ്റെമ്മിലും അപോപ്റ്റോസിസിന്റെ വേഗത കൂട്ടുകയും ചെയ്യും.

ശരീരത്തിന്റെ ചലനം, കൃത്യത എന്നിവയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഭാഗമാണ് തലച്ചോറിലെ സെറിബെല്ലം. അതുകൊണ്ടുതന്നെ സെറിബെല്ലത്തിലെ കോശങ്ങള്‍ നശിക്കുന്നതോടെ, നടക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ശരീരം വിറയ്ക്കുക, കൈകാല്‍ വേദന എന്നിവയെല്ലാം ഉണ്ടാകും. തലച്ചോറിന്റെ താഴെയായി നട്ടെല്ലിനെ ബന്ധിപ്പിക്കുന്ന ഭാഗമാണ് ബ്രെയിന്‍ സ്റ്റെം. ഉറങ്ങുകഉറങ്ങിയുണരുക ഈ പ്രക്രിയ, ശ്വസനഹൃദയ സംബന്ധമായ നിയന്ത്രണങ്ങള്‍, സെറിബ്രംസെറിബെല്ലംനട്ടെല്ല് ഇവ തമ്മിലുള്ള ആശയവിനിമയം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ബ്രെയിന്‍ സ്റ്റെം ആണ്. റോഡമൈന്‍ ബി ശരീരത്തില്‍ എത്തുന്നതോടെ ഈ പ്രവര്‍ത്തനം മൊത്തം അവതാളത്തിലാകും.

റോഡമിന്‍ ബിയുടെ സാന്നിധ്യത്തിന്റെ പേരില്‍ പോണ്ടിച്ചേരിയിലും പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര് തമിഴിസൈ സൗന്ദര്‍രാജന്‍ മുന്‍പ് ഉത്തരവിട്ടിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!