കൊല്ലം – നെല്യാടി – മേപ്പയ്യൂര്‍ റോഡ് വികസനം നീളുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

മേപ്പയ്യൂര്‍: കൊല്ലം-നെല്യാടി-കീഴരിയൂര്‍-മേപ്പയ്യൂര്‍ റോഡ് വികസനം അനന്തമായി നീളുന്നു. 38.9 കോടിയുടെ വികസനപദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുത്തുകിട്ടാത്തതാണ് റോഡ് വികസനത്തിന് തടസ്സം എന്നാണ് ഇപ്പോള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

9.59 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊല്ലം-മേപ്പയ്യൂര്‍ റോഡ് 10 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. 2016-ല്‍ തുടങ്ങിയതാണ് റോഡ് വികസനപദ്ധതി. 2016-ല്‍ 10 കോടി രൂപയായിരുന്നു സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍ പിന്നീട് ഈ തുക അപര്യാപ്തമാണെന്നുകണ്ട് കിഫ്ബി പദ്ധതിയില്‍പ്പെടുത്തി 38.9 കോടി രൂപ അനുവദിക്കുകയായിരുന്നു. നിലവില്‍ കേരള റോഡ്സ് ഫണ്ട് ബോര്‍ഡിനാണ് റോഡ് പുനരുദ്ധാരണ ചുമതല നല്‍കിയിരിക്കുന്നത്.
വിയ്യൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍, വില്ലേജുകളില്‍ 1.655 ഹെക്ടര്‍ സ്ഥലം റോഡ് വികസനത്തിനായി ഏറ്റെടുക്കണം. ഇതിനായി അതിര്‍ത്തി കല്ലിടുന്ന ജോലി ആരംഭിച്ചെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

കൊല്ലം-നെല്യാടി റോഡ് വികസനം മുടങ്ങിക്കിടക്കുകയാണ് .ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.യുടെ ഭരണ നേട്ടമായി പ്രചരിപ്പിക്കുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്യുകയല്ലാതെ ഒരു മാറ്റവും വന്നില്ല, ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കെ.ആര്‍.എഫ്.ബി. പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

അതിര്‍ത്തി കല്ലിടല്‍ജോലി 90 ശതമാനവും പൂര്‍ത്തിയായെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഭൂമിയേറ്റെടുക്കാന്‍ 5.98 കോടി രൂപയാണ് വകയിരുത്തിയത്. റോഡിന്റെ വികസനത്തിന് മറ്റൊരു തടസ്സമായി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കൊല്ലം റോഡില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച അണ്ടര്‍പാസാണ്. കൊല്ലം-മേപ്പയ്യൂര്‍ റോഡ് മുറിച്ചുകടന്നാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നിടത്ത് അശാസ്ത്രീയമായ രീതിയിലാണ് അണ്ടര്‍പാസ് നിര്‍മിച്ചത്. നിലവിലെ റോഡില്‍ നിന്ന് മാറിയാണ് കൊല്ലം-നെല്യാടി റോഡില്‍ അണ്ടര്‍ പാസ് നിര്‍മിച്ചത്. ഇതുകാരണം നാലുവീടുകള്‍ ഒഴിപ്പിച്ചാലേ ഇനി റോഡ് വികസനം സാധ്യമാകൂ. എന്‍.എച്ച്.എ.ഐ. അധികൃതര്‍ തെറ്റായ രീതിയില്‍ അടിപ്പാത നിര്‍മിച്ചതാണ് ഈ പ്രശ്‌നത്തിന് ഇടയാക്കിയത്.

റോഡില്‍ സ്വകാര്യ കമ്പനിയുടെ കേബിള്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തിട്ടുണ്ട്. ഈ ഭാഗത്ത് റോഡ് ശരിയാക്കിയിട്ടില്ല. വ്യവസ്ഥയില്‍ പറഞ്ഞതിന് വിരുദ്ധമായിട്ടാണ് സ്വകാര്യകമ്പനി കേബിള്‍ വലിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ക്ക് കേബിള്‍ വലിക്കാന്‍ നല്‍കിയ അനുമതി പിന്‍വലിച്ചിരിക്കുകയാണ്.തിരുവള്ളൂര്‍, വേളം, ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ നിന്ന് കൊയിലാണ്ടി വഴി കോഴിക്കോടേക്ക് എത്തിച്ചേരാന്‍ എളുപ്പവഴിയാണ് ഈ റോഡ്.ഇരു ചക്രവാഹന യാത്ര ഉള്‍പ്പെടെ ഈ റോഡിലൂടെയുള്ള യാത്ര വലിയ ദുഷ്‌കരമാണ്. റോഡ് നവീകരണം ഉടന്‍ നടത്തണം

മേപ്പയ്യൂര്‍ –  കൊല്ലം-നെല്യാടി റോഡിന്റെ നവീകരണം ഉടന്‍ നടത്തണമെന്ന് മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 3 ബജറ്റുകളിലായി കോടികളുടെ ഫണ്ട് അനുവദിച്ചു എന്ന് പറഞ്ഞ് ജനങ്ങളെ കബളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പൊതുജനങ്ങളെ അണിനിരത്തി സമരത്തിന്റെ ഒന്നാം ഘട്ടം മേപ്പയ്യൂരില്‍ ജനകീയ ധര്‍ണ്ണ നടത്തുവാന്‍ കമ്മിറ്റി തീരുമാനിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷനായി. എം. എം. അഷറഫ്, കെ. എം. എ അസീസ്, ടി. എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ. ടി അബ്ദുസലാം, ടി. കെ. അബ്ദുറഹിമാന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!