കീഴരിയൂര്‍, തുറയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടക്കല്‍, മുറിനടക്കല്‍ പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നു. കോരപ്ര- പൊടിയാടി റോഡില്‍ എട്ട് കോടി ചെലവിലാണ് ഇരുപാലങ്ങളും നിര്‍മ്മിച്ചത്



ഉദ്ഘാടനത്തിനൊരുങ്ങി നടക്കൽ, മുറിനടക്കൽ പാലങ്ങൾ
കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടക്കൽ, മുറിനടക്കൽ പാലങ്ങൾ യാഥാർഥ്യമാകുന്നു. കോരപ്ര- പൊടിയാടി റോഡിൽ എട്ട് കോടി ചെലവിലാണ് ഇരുപാലങ്ങളും നിർമ്മിച്ചത്. ഇതോടെ കൊല്ലം ദേശിയപാതയിൽനിന്നു കീഴരിയൂർ- തുറയൂർ റോഡ് വഴി പയ്യോളിയിൽ എളുപ്പത്തിൽ എത്താം. തുറയൂരിൽ നിന്നും കൊയിലാണ്ടിയിലേക്കുളള ദൂരവും ഗണ്യമായി കുറയും. ഗതാഗതത്തോടൊപ്പം പ്രദേശത്തെ ടൂറിസത്തിന്റെ സാധ്യതകളും ഇത് വർദ്ധിപ്പിക്കും.
നടക്കൽ പാലം 20 സ്പാനുകളിലും മുറിനടക്കൽ പാലം 22 സ്പാനുകളിലുമാണ് നിർമ്മിച്ചിരിക്കുന്നത്. ഇരു പാലങ്ങളുടെ ഇരുവശങ്ങളിലും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. നടക്കൽ പാലത്തിന്റെ അപ്രോച്ച് റോഡ് കീഴരിയൂർ ഭാഗത്ത് 86 മീറ്ററും തുറയൂർ പഞ്ചായത്തിൽ 63 മീറ്ററുമാണ്. മുറിനടക്കൽ പാലത്തിൽ ഇത് 65 മീറ്റർ, 83.7 മീറ്റർ എന്നിങ്ങനെയാണ്.
കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കുംമാത്രം കടന്നുപോകാൻ സാധിക്കുന്ന തരത്തിലായിരുന്നു നേരത്തെ നടയ്ക്കൽപാലവും മുറിനടയ്ക്കൽ പാലവും ഉണ്ടായിരുന്നത്. അതിനാൽ തന്നെ തുറയൂരിൽ നിന്നുള്ളവർക്ക് ഇരിങ്ങത്ത്, കീഴരിയൂർ, നെല്യാടിക്കടവ് പാലം വഴി സഞ്ചരിച്ചാലാണ് കൊല്ലം ദേശീയപാതയിലേക്കും കൊയിലാണ്ടി നഗരത്തിലേക്കുമെല്ലാം എത്തിച്ചേരാൻ കഴിയുക. കൊയിലാണ്ടിയിൽ നിന്നുള്ളവർക്ക് തുറയൂരിലെത്താനും ഏറെ ചുറ്റിവളയേണ്ടിയിരുന്നു. എന്നാൽ പുതിയ പാലങ്ങൾ നാടിന് സമർപ്പിക്കുന്നതോടെ കിലോമീറ്ററുകൾ സഞ്ചരിക്കാതെ എളുപ്പത്തിൽ കൊല്ലത്തുനിന്നും തുറയൂരിലേക്കും തിരിച്ചും എത്തിച്ചേരാൻ കഴിയും. പയ്യോളിയിൽ നിന്നുള്ളവർക്ക് ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ പെടാതെ കൊയിലാണ്ടിയിലെത്താനുള്ള ബദൽപാതയായും പാലം വന്നതോടെ ഈ റോഡ് ഉപയോഗപ്പെടുത്താൻ സാധിക്കും. ഹാർബർ എൻജിനീയറിങ് വകുപ്പ് അനുവദിച്ച ഒരു കോടി 61 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. നടക്കൽ, മുറിനടക്കൽ പാലങ്ങളുടെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഫെബ്രുവരി 19 ന് നിർവഹിക്കും.
പയ്യോളിയിൽ നിന്നും തുറയൂർ- കീഴരിയൂർ വഴി കൊയിലാണ്ടിയിലേക്കും തിരിച്ചും ബസ് സർവീസ് നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് പ്രതിനിധികൾ ഇരു പഞ്ചായത്തുകളെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആർ ടി ഒയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. അനുകൂലനമായ മറുപടി ലഭ്യമായാൽ ബസ് സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നും ഇത് ജനങ്ങൾക്ക് ഏറെ ഉപകരാപ്രദമാകുമെന്നും കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. നിർമ്മല പറഞ്ഞു.








