ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയുടെ സ്വർണമാല കവർന്ന കണ്ണൂർ സ്വദേശികളായ പ്രതികൾ ഏറണാകുളത്ത് അറസ്റ്റിൽ

കൊയിലാണ്ടി: സ്വർണ്ണ മാല പിടിച്ചു പറിച്ച സംഘം പിടിയിലായി. കണ്ണൂർ സ്വദേശികളായ മയ്യിൽ പുത്തൻപുരയിൽ സനിത്ത് (26), നാറാത്ത് പുലിയൂറുമ്പിൽ അതുൽ ബാബു (24) എന്നിവരെ കൊയിലാണ്ടി പോലീസ് എറണാകുളത്ത് വെച്ച് ആണ് പിടികൂടിയത്.ഈ മാസം 7 ന് ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. കൊയിലാണ്ടി കൊല്ലത്ത് ബുധനാഴ്ച വൈകീട്ട് 5.45 ഓടെ യുവതിയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് ഇരുവർ സംഘം കടന്നത്.

കീഴരിയൂർ സ്വദേശി അഞ്ജന സുബിൻ്റെ കഴുത്തിൽ നിന്നും രണ്ടുപവൻ തൂക്കം വരുന്ന സ്വർണമാലയാണ് സംഘം പിടിച്ചുപറിച്ചെടുത്തത്. കുടുംബത്തോടൊപ്പം പിഷാരികാവ് ക്ഷേത്രത്തിൽ തൊഴാനെത്തിയതായിരുന്നു അഞ്ജന. കണ്ണൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായെത്തിയാണ് സംഘം മോഷണം നടത്തിയത്.മാലയുമായി കടന്നു കളയുന്നതിനിടെ ഏറണാകുളത്തു വെച്ച് കൊയിലാണ്ടി പോലീസിൻ്റെ പിടിയിലാവുകയായിരുന്നു.

നിരവധി സിസിടിവി ദൃശ്യങ്ങൾ, ഫോൺ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പോലീസ് വലയിലായത്.

കൊയിലാണ്ടി സി ഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ് ഐ കെ ആർ ജിതേഷ്, കരിം, ദിലീപ്, അജിത്ത്, വിജു, ബിനോയി രവി, സതീഷ്, എസ് സി പി ഒ കെ സുരേഷ്, ബിജു വാണിയംകുളം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!