മഞ്ഞപ്പുഴ-രാമൻ പുഴ സമഗ്ര വികസനം; കാട്ടാംവള്ളി ടൂറിസത്തിനു രണ്ട് കോടി



മഞ്ഞപുഴ-രാമൻ പുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ കാട്ടാംവള്ളി ടൂറിസം പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ അനുവദിച്ചത് രണ്ട് കോടി രൂപ. മണ്ഡലത്തിന്റെ പ്രധാന ജലസ്രോതസായ മഞ്ഞപ്പുഴ-രാമൻ പുഴയുടെ പുനരുജ്ജീവനവും മണ്ഡലത്തിന്റെ വികസനവും കേന്ദ്രീകരിച്ച് കെ എം സച്ചിൻദേവ് എം.എൽ.എയുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ജനകീയപദ്ധതിയാണ് മഞ്ഞപ്പുഴ-രാമൻ പുഴ സമഗ്ര വികസന പദ്ധതി.
മഞ്ഞപ്പുഴ, രാമൻപുഴ, കോട്ടനടപ്പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന കോരപ്പുഴയുടെ കൈവഴികള്‍ ബാലുശ്ശേരി മണ്ഡലത്തിലെ പനങ്ങാട്, ബാലുശ്ശേരി, കോട്ടൂർ, നടുവണ്ണൂർ, ഉള്ളിയേരി ഗ്രാമപഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടമായി നടപ്പാക്കുന്ന ജനകീയ പുഴ ശുചീകരണ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നടന്ന ജനകീയ ശുചീകരണം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹരിത കേരളം മിഷൻ ടീം മണ്ഡലത്തിലെ പ്രധാന ജലസ്രോതസായ മഞ്ഞപുഴ-രാമൻ പുഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വികസന സാധ്യതകളും പഠിച്ച് നിർദ്ദേശങ്ങൾ നൽകുകയും തുടർന്ന് മണ്ഡലതലത്തിൽ ശില്പശാല സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ശില്പശാലയിൽ കേരളത്തിൽ ആദ്യമായി ബാലുശ്ശേരി മണ്ഡലത്തിലാണ് ജലത്തിലൂന്നിയ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്.
പുഴ പുനരുജീവനത്തോടൊപ്പം കൃഷി, വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം, ക്ഷീരവികസനം, സ്പോർട്സ് തുടങ്ങിയ സാധ്യതകൾ, പുഴയോട് ചേർന്ന് നടത്താൻ പറ്റിയ സ്ഥലങ്ങൾ, അതിന്റെ ആവശ്യകത, സംയോജന സാധ്യതകൾ, തൊഴിലുറപ്പിലെ സാധ്യതകൾ എന്നിവ അടങ്ങുന്ന സമഗ്ര വികസനത്തിനാണ് മണ്ഡലം ഒരുങ്ങുന്നത്.
ബാലുശ്ശേരി, പനങ്ങാട് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കാട്ടാംവള്ളിയുടെ ടൂറിസം പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിച്ചത്
കൂടുതൽ വികസന സാദ്ധ്യതകൾ തുറന്നിടുന്നു.








