മാനന്തവാടി ടൗണില്‍ കാട്ടാനയിറങ്ങി ജനങ്ങള്‍ ജാഗ്രത പാലിക്കണം



മാനന്തവാടി ടൗണില്‍ കാട്ടാനയിറങ്ങിയതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആളുകള്‍ മാനന്തവാടി ടൗണില്‍ വരുന്നത് പരമാവധി ഒഴിവാക്കണം. മാനന്തവാടി നഗരസഭ ഡിവിഷന്‍ 24, 25,26,27, ഇടവക പഞ്ചായത്ത് വാര്‍ഡ് 4,5,7 എന്നിവയില്‍ ഇതുമായി ബന്ധപ്പെട്ട് CrPC 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിരിക്കുന്നു. ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ച് വരികയാണ്.

മാനന്തവാടി: വയനാട് മാനന്തവാടിയിലെ ജനവാസമേഖലയില്‍ എത്തിയ ആന കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയതെന്ന് സ്ഥിരീകരിച്ചു. ‘ഓപ്പറേഷന്‍ ജംബോ’ എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് സ്ഥിരീകരിച്ചു. പിടികൂടിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മൂലഹൊള്ളയില്‍ തുറന്നുവിടുകയായിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്.
പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്. സ്ഥിരമായി കാപ്പിത്തോട്ടങ്ങളില്‍ കറങ്ങിനടക്കുന്ന ശല്യക്കാരായിരുന്നു ഈ ആന എന്നാണ് വിവരം. ജനുവരി 16-നാണ് കര്‍ണാടക വനംവകുപ്പ് പിടികൂടിയത്.
മാനന്തവാടിയിലെ ജനവാസമേഖലയിലെത്തിയ കാട്ടാന ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല. മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കരുതെന്നും ആനയുടെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പുകള്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ആനയെ തിരികെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.








