‘തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി’ ഒറ്റമനസ്സോടെ കൈകോര്‍ത്ത് നാട്

തെരുവ് ജീവിതങ്ങളില്ലാത്ത കോഴിക്കോടിനായി കൊകോര്‍ത്ത് ജില്ല. തെരുവോരങ്ങളിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ‘ഉദയം’ പദ്ധതിയുടെ ധനസമാഹരണത്തിനായാണ് നാട് ഒന്നിച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവനകള്‍ ശേഖരിക്കാനായി എത്തിയിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഉദയം പദ്ധതി കൂടുതല്‍ ആളുകളിലേക്കെത്തിക്കാനും ഉദയത്തിലെ അന്തേവാസികളുടെ ക്ഷേമത്തിനായി ധനസമാഹരണത്തിനും വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യപ്രതിബദ്ധത വളര്‍ത്താനുമായാണ് ധനസമാഹരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

ജില്ലയിലെ 150 ഓളം ക്യാമ്പസുകളില്‍ നിന്നായി 15,000 ത്തോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പയിനിന്റെ ഭാഗമായി. വിവിധ കോളേജുകളിലെ എന്‍.എസ്.എസ്സ്, സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ, ക്യാമ്പസ് ഓഫ് കോഴിക്കോട് എന്നിവയും വിവിധ കോളേജുകളിലെ അധ്യാപകരും ക്യാമ്പയിന്റെ ഭാഗമായി.

തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ പുനരധിവാസത്തിന് 2020 ല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ഉദയം. 2000 ത്തോളം പേരെ ഇതുവരെ പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിച്ചു. വെള്ളിമാടുകുന്ന്, ചേവായൂര്‍, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളിലായാണ് ഉദയം ഹോം പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം 250ഓളം അന്തേവാസികളെ വീടുകളില്‍ തിരിച്ചെത്തിച്ചു. ഹോമില്‍ എത്തിച്ചേരുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം, താമസം, ഭക്ഷണം, ചികിത്സ, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നുണ്ട്. നിലവില്‍ മൂന്ന് ഹോമുകളിലെയും അന്തേവാസികളുടെ ഭക്ഷണം, ശാരീരിക, മാനസിക ആരോഗ്യ പരിരക്ഷ, കൗണ്‍സിലിംഗ്, കിടപ്പാടം എന്നിവയ്ക്കായി വര്‍ഷം 1.8 കോടി രൂപയാണ് ചെലവ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!