വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കനല്‍ ഫെസ്റ്റ് നടത്തി

കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കനൽ ഫെസ്റ്റ്-2023 സബ് ജഡ്ജിയും ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എം പി ഷെെജൽ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക അസ്ഥിരതയാണ് തീരുമാനമെടുക്കുന്നതിൽ നിന്നും നിലപാടുകൾ സ്വീകരിക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നത്. പെൺകുട്ടികൾക്ക് സാമ്പത്തിക അടിത്തറ ഉണ്ടാവുമ്പോഴാണ് സ്ത്രീ ശാക്തീകരണം പൂർണ്ണ അളവിൽ നടപ്പിലാവുകയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമണങ്ങൾ, ലിം​ഗ വിവേചനം, തുടങ്ങിയവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിക്രമണങ്ങളെ ചെറുക്കാനും ലിം​ഗ വിവേചനം അവസാനിപ്പിക്കുന്നതിനുമായി ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാ​ഗമായാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ കനൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.

നിർമ്മല കോളേജ് ആന്റ് സ്കൂൾ ഓഫ് നഴ്സിം​ഗിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ ശിശുവികസന ഓഫീസർ സബീനബീ​ഗം അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് മുൻ മലപ്പുറം ജില്ലാ ഓഫീസർ ജോസഫ് റെബെല്ലോ, കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ക്ലാറൻസ്, വെെസ് പ്രിൻസിപ്പാൾ സിസ്റ്റർ റോസ് ലിറ്റ എന്നിവർ സംസാരിച്ചു.

അധ്യാപിക ശ്രുതി സ്വാ​ഗതവും വിദ്യാർത്ഥി പ്രതിനിധി മരിയ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാ​ഗമായി സ്വയം പ്രതിരോധ പരിശീലനം, ബോധവത്ക്കരണ ക്ലാസ്, സംവാദം, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!