നാടിൻ്റെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഉരുട്ടി പാലം യാഥാർത്ഥ്യമായി.

നാടിൻ്റെ ഏറെക്കാലത്തെ ആവശ്യമായിരുന്ന ഉരുട്ടി പാലം യാഥാർത്ഥ്യമായി. വിലങ്ങാട് മലയോര നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമാണ് ഉരുട്ടി പാലം ഉദ്ഘാടനം ചെയ്യുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത്. കല്ലാച്ചി-വിലങ്ങാട് റോഡിലെ ഉരുട്ടിപാലം 2019 ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലുമാണ് തകർന്നത്. ഇതിനെ തുടർന്ന് ഇതുവഴി ഗതാഗതം നിരോധിക്കുകയും ചെയ്‌തിരുന്നു. പിന്നീട് പ്രളയ ഫണ്ടിൽ ഉൾപ്പെടുത്തി താത്ക്കാലിക സൗകര്യം നിർമ്മിച്ചെങ്കിലും ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നു പോകാത്തതിനാൽ വലിയ യാത്രാ ക്ലേശമായിരുന്നു അഞ്ച് ആദിവാസി കോളനികൾ ഉൾപ്പെടെയുള്ള വിലങ്ങാട് മലയോര പ്രദേശവാസികൾ അനുഭവിച്ചത്. ഇതിനെല്ലാമാണ് പാലം യാഥാർത്ഥ്യമായതോടെ പരിഹാരമാകുന്നത്.

നിർമ്മാണം പൂർത്തീകരിച്ച ഉരുട്ടി പാലം ഇന്ന് (ജനുവരി 27) ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നാടിനു സമർപ്പിക്കും.
ചടങ്ങിൽ എം എൽഎ ഇ.കെ വിജയൻ അധ്യക്ഷത വഹിക്കും. തൂണരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, വൈസ് പ്രസിഡന്റ് സൽമാ രാജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

വാണിമേൽ പുഴയ്ക്ക് കുറുകെ 3.20 കോടി ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമ്മിച്ചത്. കോൺക്രീറ്റ് അടിത്തറയ്ക്ക് മുകളിൽ 30 മീറ്റർ നീളമുള്ള സിംഗിൾ സ്പാനും ഇരുവശത്തും 7.50 മീറ്റർ നീളത്തിൽ കാൻ്റിലിവർ സ്‌പാനുകളും ഉൾപ്പെടെ 45 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 7.50 മീറ്റർ ക്യാരേജ് വേയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും പാലത്തിനുണ്ട്. പാലത്തിൻ്റെ സമീപന റോഡിന് കല്ലാച്ചി ഭാഗത്ത് 60 മീറ്റർ നീളവും വിലങ്ങാട് ഭാഗത്ത് 95 മീറ്റർ നീളവും കൂടാതെ 36.50 മീറ്റർ സർവ്വീസ് റോഡും നിർമ്മിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!