കാലാവസ്ഥാ മാറ്റം സംസ്ഥാനത്തെ പകര്‍ച്ചവ്യാധിയുടെ നാടാക്കും. അനുകൂലമായ ഘടകങ്ങള്‍ ഒത്തു വന്നാല്‍ പകര്‍ച്ചവ്യാധി പൊട്ടി പുറപ്പെടാന്‍ വളരെ എളുപ്പമാണെന്നും വിദഗ്ധര്‍

കോഴിക്കോട്: കേരളത്തിലെ കാലാവസ്ഥാ മാറ്റം സംസ്ഥാനത്തെ പകര്‍ച്ചവ്യാധിയുടെ നാടാക്കും. അനുകൂലമായ ഘടകങ്ങള്‍ ഒത്തു വന്നാല്‍ പകര്‍ച്ചവ്യാധി പൊട്ടി പുറപ്പെടാന്‍ വളരെ എളുപ്പമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. താപം, ഈര്‍പ്പം തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങള്‍ പല തരത്തിലുള്ള വൈറസുകള്‍ക്കും മറ്റു സൂക്ഷ്മാണുക്കള്‍ക്കും വളരാന്‍ ഉചിതമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. ഡെങ്കിപ്പനി പോലെയുള്ള രോഗം ഉണ്ടാക്കുന്ന ഫ്‌ലാവി വൈറസിന്റെ സാന്നിദ്ധ്യം കേരളത്തില്‍ എപ്പോഴുമുണ്ട്.

പണ്ട് കാട്ടില്‍ പോയി ജോലി ചെയ്യുന്നവരില്‍ മാത്രം കണ്ടിരുന്ന ചെള്ളു പനി ഇന്ന് നഗരത്തില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവരില്‍ പോലും കാണുന്നു. നമുക്ക് ചുറ്റും കാണുന്ന കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കാന്‍ തുടങ്ങിയതും ചെള്ളൂ പനിയുടെ എണ്ണം കൂടിയതും തമ്മില്‍ കൃത്യമായി ബന്ധമുണ്ട്. ജന്തു ജാലങ്ങള്‍ക്കും മരങ്ങള്‍ക്കും ചെടികള്‍ക്കും അവരുടെ ആവാസ വ്യവസ്ഥ നില നിര്‍ത്തിക്കൊടുക്കുക എന്നതല്ലാതെ മഹാമാരികള്‍ തടയാന്‍ നമ്മുടെ മുന്നില്‍ മാര്‍ഗങ്ങള്‍ ഇല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഫിസിഷ്യന്‍മാരുടെ വാര്‍ഷിക മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ ജന്തു ജന്യ രോഗങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ആണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്.

കാലിക്കറ്റ് ഫോറം ഓഫ് ഇന്റേണല്‍ മെഡിസിന്റെ 25 ആം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് തുടര്‍വിദ്യഭ്യാസ പരിപാടി നടന്നത്. സമ്മേളനം ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ ഇനിയും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കേണ്ട ആവശ്യം ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അനുശാസിക്കുന്ന എണ്ണത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ കേരളത്തില്‍ എല്ലാ വര്‍ഷവും പുറത്തിറങ്ങുന്നു. എന്നാല്‍ അതിനു ആനുപാതികമായി പി ജി സീറ്റുകള്‍ ഇല്ല. നല്ല ഗുണനിലവാരമുള്ള ആശുപത്രികള്‍ ആണ് സാധാരണക്കാരന് ആവശ്യം. മെഡിക്കല്‍ കമ്മീഷന്റെ പുതിയ നയപ്രകാരം മെഡിക്കല്‍ പി ജി സീറ്റുകള്‍ക്ക് മെഡിക്കല്‍ കോളേജുകള്‍ നിര്‍ബന്ധമല്ല. നല്ല സൗകര്യമുള്ള ആശുപത്രികള്‍ മതി.

കാസര്‍ഗോഡ്, വയനാട് പോലെയുള്ള ജില്ലകളില്‍ ഗുണമേന്മയുള്ള ആശുപത്രികള്‍ സ്ഥാപിക്കുകയും അവിടെ മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ ഡോ. പി . വി. ദാര്‍ഗ്ഗവന്‍. ഡോ. സിജുകുമാര്‍, ഡോ.സജിത് കുമാര്‍, ഡോ. എസ്. കെ. സുരേഷ്‌കുമാര്‍, ഡോ. ഷമീര്‍, ഡോ.ഗീത എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!