മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തനരഹിതം; കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് ലീഗ്



കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി സംവിധാനം പ്രവര്‍ത്തന രഹിതമായതില്‍ പ്രതിഷേധിച്ച് ആശുപത്രി സൂപ്രണ്ടിനെ നിയോജക മണ്ഡലം യൂത്ത് ലീഗ് ഉപരോധിച്ചു. മാസങ്ങളായി ഫ്രീസര്‍ കേടുവന്നതിനാലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണവും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കഴിഞ്ഞ ദിവസം കടലില്‍ കാണാതായ നന്തി സ്വദേശിയുടെത് ഉള്‍പ്പെടെയുള്ള പോസ്റ്റ്മോര്‍ട്ടം കേസുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദിനം പ്രതി രണ്ടായിരത്തോളം രോഗികള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ദിവസംതോറും ശോചനീയമാവുകയാണ്.
സൂപ്രണ്ട് ഉള്‍പ്പെടെ 22 ഡോക്ടര്‍മാരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇവര്‍ക്ക് ഒരു ദിവസം കൂടുതല്‍ രോഗികളെ പരിരോധിക്കേണ്ട സ്ഥിതിയുണ്ട്. എക്സറേ ,ഇ.സി.ജി സംവിധാനങ്ങള്‍വരെ കുറ്റമറ്റ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്.
പാര്‍ക്കിംഗ് ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ രോഗികളുമായി വരുന്ന ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വളരെയധികം പ്രയാസം നേരിടുന്നുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും ഭാഗത്ത് നിന്ന് നിരന്തരമായി ഉണ്ടാവുന്ന അവഗണനക്കെതിരെ നിരവധി തവണ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്.
അപ്പോഴൊക്കെ പാലിക്കപ്പെടാത്ത ഉറപ്പുകള്‍ നല്കി അധികാരികള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. നിശ്ചലമായ മോര്‍ച്ചറി ജനുവരി 30 നകം പ്രവര്‍ത്തനക്ഷമമാക്കുമെന്നും പാര്‍ക്കിംഗ് സംവിധാനം ഉടന്‍ ഒരുക്കുമെന്നും സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.
ഉറപ്പുകള്‍ നിശ്ചിത സമയത്തിനകം പാലിച്ചിട്ടില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും ഹറിയിച്ചു. ഉപരോധത്തിന് കെ കെ റിയാസ്, ഫാസില്‍ നടേരി, സുനൈദ് എ സി, ബാസിത് എം പി, വി വി നൗഫല്‍, സാലിം മുചുകുന്ന്, സിഫാദ് ഇല്ലത്ത്, ഹാശിം വലിയമങ്ങാട്, സലാം ഓടക്കല്‍, സജീര്‍ പുറായില്‍, ആദില്‍ കെ വി, നിസാം
എന്നിവര്‍ നേതൃത്വം നല്കി.










