വികസിത് ഭാരത് സങ്കല്പ് യാത്ര കീഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി



കീഴരിയൂര്‍: കേന്ദ്ര വികസന ക്ഷേമ പദ്ധതികളില്‍ പുതിയ ഗുണഭോക്താക്കളെ ചേര്‍ത്തും പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിച്ചും ജില്ലയില്‍ വികസിത് ഭാരത് സങ്കല്പ് യാത്ര തുടരുന്നു.
കീഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി കീഴരിയൂരില്‍ നടന്ന പൊതുസമ്മേളനം കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. നിര്‍മല ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എന്‍. എം. സുനില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രവീന്ദ്രന് എന്‍.എം. തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രധാനമന്ത്രി വികസിത് ഭാരത് സങ്കല്പ് യാത്രയില്‍ പങ്കെടുക്കുന്ന ഗുണഭോക്താകളോട് നടത്തിയ തത്സമയ സംവാദം പ്രദര്‍ശിപ്പിച്ചു. അഞ്ച് ഗുണഭോക്താക്കള്‍ക്ക് സൗജന്യ ഉജ്ജ്വല ഗ്യാസ് കണക്ഷന് വിതരണം ചെയ്തു. വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും നടന്നു.
മേപ്പയൂരില്‍ നടന്ന പൊതു സമ്മേളനം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് വി. സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ കൃഷി വജ്ഞാന കേന്ദ്രം, എഫ്.സി.ഐ., എഫ്. എ. സി.ടി., ഇന്ത്യ പോസ്റ്റ്, ഐ.ഒ.സി. തുടങ്ങിയ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് വികസിത് ഭാരത് സങ്കല്പ് യാത്ര നടത്തുന്നത്.










