കെ പി മുഹമ്മദിനെ അനുസ്മരിച്ചു
കൊയിലാണ്ടി: സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവും ലോഹ്യാ വിചാരവേദി സ്ഥാപകാംഗങ്ങളില്‍ ഒരാളുമായ കെ പി മുഹമ്മദിന്റെ ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും സംഘടിപ്പിച്ചു.
മാംഗലൂര്‍ യൂണി വാഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനും കന്നഡ എഴുത്തുകാരനുമായ പ്രൊഫ. രാജാറാം തോല്‍പ്പാടി സ്മാരക പ്രഭാഷണം നിര്‍വഹിച്ചു.
ഗാന്ധിയും ടാഗോറും നെഹ്‌റുവും വിഭാവനം ചെയ്തതും സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ജനകീയ മുന്നേറ്റങ്ങള്‍ രൂപാന്തരപ്പെടുത്തിയതുമായ ദേശീയ സങ്കല്‍പ്പങ്ങളെ കോര്‍പ്പറേറ്റുകളും മതാന്ധരും ചേര്‍ന്ന് മായ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സോഷ്യലിസ്റ്റുകള്‍ ക്രിയാത്മകമായി ഇടപെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൊളക്കാട് ലോഹ്യാ മന്ദിരം സംഘടിപ്പിച്ച പരിപാടിയില്‍ വിജയരാഘവന്‍ ചേലിയ അദ്ധ്യക്ഷത വഹിച്ചു. കെ പ്രദീപന്‍ കെ പി മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി . അഡ്വ. വിനോദ് പയ്യട, കെ പി ഉണ്ണിഗോപാലന്‍, അവിനാഷ് ജി എസ് എന്നിവര്‍ സംസാരിച്ചു.