ഉടുപ്പുകളില്‍ വിരിഞ്ഞ കലകളും കരകൗശല കൗതുകങ്ങളുമായി ഫറോക്ക് നല്ലൂര്‍ സ്റ്റേഡിയത്തില്‍ ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ്

 

ഫറോക്ക് : വസ്ത്രങ്ങളില്‍ വിരിഞ്ഞ വര്‍ണക്കാഴ്ചകള്‍ മുതല്‍ കരവിരുതില്‍ തീര്‍ത്ത ദൃശ്യവിസ്മയങ്ങള്‍ വരെ ഒരു കുടക്കീഴില്‍ അണിനിരത്തി ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്സ്റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ്. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആര്‍ടി മേള ആദ്യദിവസം തന്നെ താരമായി മാറിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്രവൈവിധ്യവും കരകൗശല ഉല്‍പ്പന്നങ്ങളും സ്വന്തമാക്കാനും അവയുടെ നിര്‍മാണ രീതികള്‍ നേരില്‍ക്കാണാനുമായി നിരവധി പേരാണ് ഇവിടെയെത്തിയത്.

കേരളത്തിനു പുറമെ, തമിഴ്‌നാട്, അസം, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍, സിക്കിം, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍, നാഗലാന്റ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പുതുച്ചേരി, ഒഡീഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യ വസ്ത്രനിര്‍മാതാക്കളും കലാകാരന്‍മാരുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലൊരുക്കിയ ആര്‍ടി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍, ബേപ്പൂരിന്റെ മുഖമുദ്രയായ ഉരു, മണ്‍പാത്രങ്ങളിലെ മ്യൂറല്‍ പെയിന്റിംഗ്, കളിമണ്‍ നിര്‍മിതികള്‍, മുള കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം നെയ്ത്ത്, കയര്‍നിര്‍മാണം, ടെക്സ്‌റ്റൈല്‍ ആര്‍ട്ട് ഉള്‍പ്പെടെയുള്ളവയുടെ തത്സമയ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെ നടക്കുന്ന മേളയില്‍ വിവിധ സംരംഭകരുടെ 50 ഓളം സ്റ്റാളുകളും 15 ലൈവ് ഡെമോ സ്റ്റാളുകളുമുണ്ട്.

ആയഞ്ചേരിയിലെ കുഞ്ഞിരാമന്‍ മാഷും സംഘവും അവതരിപ്പിക്കുന്ന പാവനാടകമാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമാണ് പ്രദര്‍ശന സ്റ്റാളിലെ പ്രത്യേക വേദിയില്‍ നടക്കുന്ന പാവനാടകങ്ങളുടെ പ്രദര്‍ശനം.
ആര്‍ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്നിര്‍വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!