ഫ്രഞ്ച് പൗരന്‍ ചൗറ്ഗ്് ഐസ്സിയ യാത്ര തിരിച്ചു, കോഴിക്കോട്ടെ ചികിത്സയക്കുശേഷം ഗോകര്‍ണ്ണത്തേക്ക്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിഞ്ഞ ഫ്രഞ്ച് പൗരന്‍ ചൗറ്ഗ് ഐസ്സിയ ഗോകര്‍ണത്തേക്ക് യാത്ര തിരിച്ചു. ഡിടിപിസി എടുത്ത് നല്‍കിയ ടിക്കറ്റുമായി ഗരീബ് രഥ് ട്രെയിനിലാണ് ഐസ്സിയ ഗോകര്‍ണത്തേക്ക് യാത്ര തിരിച്ചത്.
ചൗറ്ഗ് ഐസ്സിയയെ കുറിച്ച് മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെടല്‍ നടത്തുകയായിരുന്നു.
ആവശ്യമായ സഹായങ്ങളൊരുക്കാന്‍ ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാറിനെയും ഡിടിപിസി സെക്രട്ടറി നിഖില്‍ ദാസിനെയും ചുമതലപ്പെടുത്തിയതിനെ തുടര്‍ന്ന് ടൂറിസം വകുപ്പ് അദ്ദേഹത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
ഡിടിപിസിയാണ് ആശുപത്രി ചെലവും മറ്റും വഹിച്ചത്. തനിക്ക് തിരികെ പോകാന്‍ സൗകര്യമൊരുക്കി തന്ന സര്‍ക്കാരിനും ടൂറിസം വകുപ്പിനും ഡിടിപിസിക്കും പ്രത്യേകം നന്ദി അറിയിച്ചാണ് ഐസ്സിയ യാത്ര തിരിച്ചത്.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഗോവയിലേക്ക് കുടുംബത്തിനൊപ്പം വന്നതായിരുന്നു ഐസ്സിയ. ഓര്‍മക്കുറവുകാരണം എങ്ങനെയോ കോഴിക്കോട്ടെത്തുകയായിരുന്നു. അവശനിലയില്‍ കണ്ട ഇദ്ദേഹത്തെ ആരോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ആശുപത്രി വിടാന്‍ ഡോക്ടര്‍മാര്‍ അനുമതിനല്‍കി. ഗോകര്‍ണത്തുപോയി ധ്യാനിക്കണമെന്നതാണ് ആഗ്രഹമെന്ന് ടൂറിസം അധികൃതര്‍ സന്ദര്‍ശിച്ചപ്പോള്‍ അറിയിച്ചിരുന്നു.
അങ്ങനെയാണ് ഗോകര്‍ണത്തേക്ക് ടിക്കറ്റ് എടുത്ത് നല്‍കിയത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ ദാസ്, പ്രൊജക്ട് എഞ്ചിനീയര്‍ ലിനീഷ് തോമസ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജിജി എ ജി, ഡിടിപിസി മാനേജര്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചൗറ്ഗ് ഐസ്സിയയെ യാത്രയാക്കിയത്.