ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ്, പേട്ട, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ അറസ്റ്റ് രേഖപ്പെടുത്തിയവരെയാണ് തുടര്‍നടപടികള്‍ക്കായി ഇന്ന് കോടതിയില്‍ ഹാജരാക്കുക. ഇതില്‍ 7 പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണ്. എഴുപേര്‍ക്കെതിരെ രണ്ട് കേസും ബാക്കിയുള്ളവര്‍ക്കെതിരെ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോട് ഡി.ജി.പിയും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കമ്മീഷണര്‍ സിറ്റി ഡി.സി.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് തലസ്ഥാന നഗരി അസാധാരണ സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം. ഗോ ബാക്ക് വിളികളുമായാണ് പ്രവര്‍ത്തകര്‍ ഗവര്‍ണറെ നേരിട്ടത്. വൈകീട്ട് കേരള സര്‍വകലാശാല കാമ്പസിനു മുന്നിലാണു സംഭവം. ആക്രമണത്തില്‍ ക്ഷുഭിതനായി ഗവര്‍ണര്‍ കാറില്‍നിന്ന് ചാടിയിറങ്ങി. പൊട്ടിത്തെറിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയാണ് ആളുകളെ തനിക്കെതിരെ പ്രതിഷേധത്തിന് അയയ്ക്കുന്നതെന്ന് ആഞ്ഞടിക്കുകയും ചെയ്തു.

ഗവര്‍ണറെ പൊതുനിരത്തില്‍ തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. എസ്.എഫ്.ഐ എന്നെ ഒന്നും ചെയ്തിട്ടില്ല. അവര്‍ റോഡില്‍ നില്‍ക്കുന്നത് കണ്ട് ഞാന്‍ പുറത്തിറങ്ങി. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!