ശുചിത്വ തീരം; ജനകീയ പങ്കാളിത്തത്തില്‍ കവലാട് ബീച്ച് ശുചീകരിച്ചു



മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ കവലാട് ബീച്ചില്‍ ‘ശുചിത്വ തീരം’ കടല്‍ത്തീര ശുചീകരണം സംഘടിപ്പിച്ചു.
കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ നിര്‍വഹിച്ചു.
ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് കവലാട് ബീച്ച് സന്ദര്‍ശിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രാവിലെ 7.30 ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബേബി സുന്ദര്‍രാജ്, വാര്‍ഡ് മെമ്പര്‍ റസിയ വി എം, പഞ്ചായത്ത് സെക്രട്ടറി എന്‍ പ്രദീപന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി എസ് അശ്വതി എന്നിവര്‍ നേതൃത്വം നല്കി.
ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങള്‍, ക്യാമ്പസ് ഓഫ് കോഴിക്കോട് വളണ്ടിയേഴ്സ്, എന്‍എസ്എസ് വളണ്ടിയേഴ്സ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.








