കൊയിലാണ്ടി നഗരസഭ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു



കൊയിലാണ്ടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. വിതരണം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ സത്യന്‍ ആധ്യക്ഷത വഹിച്ചു. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സി സബിത പദ്ധതി വിശദീകരണം നടത്തി.
വാര്‍ഡ് തല വായോക്ലബ് രൂപീകരണം, പകല്‍വീട് നടത്തിപ്പ്, വയോജന സംഗമം ഉള്‍പ്പെടെ വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികളാണ് നഗരസഭയുടെ നേതൃത്വത്തില്‍ നടത്തി വരുന്നത്. നഗരസഭ പരിധിയില്‍ ഉള്‍പ്പെട്ട 60 വയസ്സ് പൂര്‍ത്തിയായ തിരഞ്ഞെടുക്കപ്പെട്ട വയോജനങ്ങള്‍ക്കാണ് കട്ടില്‍ വിതരണം ചെയ്തത്.
കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷമ്മാരായ ഷിജു, ഇന്ദിര, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.








