സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2024: യോഗം ചേര്‍ന്നു



പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഇലക്ട്രല്‍ റോള്‍ ഒബ്സര്‍വര്‍എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ യോഗം വിലയിരുത്തി.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവര്‍ത്തനം മികച്ചതാണെന്ന് ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു.
മുന്നൊരുക്കങ്ങളും നിലവിലുള്ള സാഹചര്യവും യോഗത്തില്‍ വിലയിരുത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചു. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെയും ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാരുടെയും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട സമയം ഇന്ന് (ഡിസംബര്‍ 9) വരെയാണുള്ളത്. ആക്ഷേപങ്ങളും അവകാശങ്ങളും തീര്‍പ്പാക്കിയ ശേഷം അന്തിമ വോട്ടര്‍പട്ടിക 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ എം സച്ചിന്‍ ദേവ് എംഎല്‍എ, ജനപ്രതിനിധികള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.








