നാടിന് ആവേശമായി ‘വയലട അള്‍ട്രാ റണ്‍’



ബാലുശ്ശേരി മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനും സാഹസിക കായിക വിനോദങ്ങളുടെ പ്രോത്സാഹനത്തിനുമായി സംഘടിപ്പിച്ച ‘വയലട അള്‍ട്രാ റണ്‍’ നാടിന് ആവേശമായി.
ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ദീര്‍ഘദൂര ഓട്ടക്കാരുടെ കൂട്ടായ്മയായ കാലിക്കറ്റ് റോയല്‍ റണ്ണേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി 155 കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.
30 ഉം 60 ഉം കിലോമീറ്റര്‍ ദൂരമാണ് കായിക താരങ്ങള്‍ ഓടി പൂര്‍ത്തിയാക്കിയത്. 30 കിലോമീറ്റര്‍ വനിത വിഭാഗത്തില്‍ ബംഗളുരുവില്‍ നിന്നുള്ള സോണിയ നായിഡു ഒന്നാമതായും റഷ്യന്‍ സ്വദേശിനി വോള്‍ഗാ പ്രടോ രണ്ടാമതായും ബംഗളുരുസ്വദേശിനി സുഹറ.സി മൂന്നാമതായും ഓടിയെത്തി.
30 കിലോമീറ്റര്‍ പുരുഷ വിഭാഗത്തില്‍ കോയമ്പത്തൂരില്‍ നിന്നുള്ള ഹരികുമാര്‍ ഒന്നാം സ്ഥാനത്ത് എത്തി. നാഗരാജ് ബി, പ്രവീണ്‍ എടവലത്ത് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വയലട അള്‍ട്രാ റണ്ണിലെ ഏറ്റവും ദുര്‍ഘടമായ 60 കിലോമീറ്റര്‍ അള്‍ട്രാ ഹില്‍റണ്‍ 9 മണിക്കൂര്‍ 17മിനുട്ട് കൊണ്ട് വഴോറ, നമ്പികുളം, തോരാട്, കോട്ടക്കുന്ന് ചുരത്തോട് എന്നീ മലകള്‍ ഓടിക്കടന്ന് ചെന്നൈ സ്വദേശി സതീഷ് കുമാര്‍ ഒന്നാമതായും കാസര്‍ഗോഡ് നിന്നുള്ള നിതിന്‍ സാരംഗ് രണ്ടാമതായും ഫിനിഷ് ചെയ്തു.
കെ.എം സച്ചിന്‍ ദേവ് എം. എല്‍. എ വിജയികളെ അനുമോദിച്ചു. വയലട ടൂറിസം പ്രമോട്ടേഴ്‌സ് കണ്‍സോര്‍ഷ്യം ഭാരവാഹികളായ അരവിന്ദാക്ഷന്‍, സന്തോഷ് കുമാര്‍, സുനില്‍ ദത്ത്, റോയല്‍ റണ്ണേഴ്‌സ് കലിക്കറ്റിന്റെ ഭാരവാഹികള്‍ എന്നിവര്‍ വിജയികള്‍ക്ക് മെഡല്‍ സമ്മാനിച്ചു








