ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു
കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരള ബി.ആര്‍.സി പന്തലായനി ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. ചെണ്ടവാദ്യമേളങ്ങളോടെ വിദ്യാലയങ്ങളിലെ കുട്ടികള്‍, ജെ ആര്‍ സി, എസ് പി സി, എന്‍ സി സി എന്നിവര്‍ അണിനിരന്ന വിളംബര ജാഥ ഒരു മാസം നീളുന്ന ഭിന്നശേഷി മാസാചരണത്തിന് വര്‍ണാഭമായ തുടക്കമേകി.
ജി വി എച്ച് എസ് എസ് കൊയിലാണ്ടിയില്‍ നിന്നാംരംഭിച്ച വിളംബര ജാഥ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ഭിന്നശേഷി മാസാചരണത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് സ്റ്റിക്കി നോട്ട് പതിച്ച് നിര്‍വഹിച്ചു.
നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ലോക ഭിന്നശേഷി ദിന പ്രമേയം കെ.പി.എം.എസ് എച്ച് എസി എസി ലെ പ്ലസ് ടു വിദ്യാര്‍ത്ഥി സ്‌നേഹ രാജ് അവതരിപ്പിച്ചു.
ചടങ്ങില്‍ ബി.ആര്‍.സി ട്രെയിനര്‍മാരായ ഉണ്ണികൃഷ്ണന്‍, വികാസ്, പന്തലായനി ബിപിസി ദീപ്തി ഇ പി, സ്‌പെഷല്‍ എജുക്കേറ്റര്‍ കെ സിന്ധു എന്നിവര്‍ സംസാരിച്ചു.
ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ സ്‌പെഷ്യല്‍ അസംബ്ലി, ചിത്രരചന മത്സരങ്ങള്‍, തിരക്കഥാ രചന മത്സരം, ഫിലിം ഫെസ്റ്റിവല്‍, സായാഹ്ന ജനകീയ സദസ്സ്, ഇന്‍ക്ലൂസീവ് കായികോത്സവം, രക്ഷിതാക്കളുടേയും കുട്ടികളുടേയും കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഡിസംബര്‍ 30 ന് മാസാചരണം സമാപിക്കും.