റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ലഭിച്ചില്ലെങ്കില്‍ ഡിസംബര്‍ മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കെടുക്കില്ല

 

കൊയിലാണ്ടി : റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ലഭിച്ചില്ലെങ്കില്‍ ഡിസംബര്‍ മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കെടുക്കില്ലെന്ന് കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം.

സംസ്ഥാനത്തെ ചില്ലററേഷന്‍ വ്യാപാരികളുടെ പരിതാപകരമായ അവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി കൊണ്ട് ഒരു പാട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇതുവര പരിഹാര നടപടികളൊന്നുമായിട്ടില്ല.

വേതന പാക്കേജ് അനുസരിച്ചുള്ള തുച്ഛമായ തുക കൊണ്ട് ഉപജീവനം കണ്ടെത്തുന്നത് പോയിട്ട് റേഷന്‍ കട നടത്തിക്കൊണ്ടു പോകുന്നതിനാവശ്യമായ ചെലവ് നിര്‍വ്വഹിക്കാന്‍ പോലുമാവുന്നില്ല വ്യാപാരികള്‍ക്കെന്ന് യോഗം വിലയിരുത്തി.

ഈ ദുരിതാവസ്ഥയിലും മാസാന്ത കമ്മീഷന്‍ കൃത്യമായി ലഭിക്കുന്നില്ല. രണ്ടു മാസത്തിലൊരിക്കലാണ് ഇപ്പോള്‍ കമ്മീഷന്‍ വിതരണം.

രണ്ടാം മാസത്തിന്റെയവസാനം കമ്മീഷന്‍ ലഭിക്കുമ്പോഴേക്കും ചെലവ് തുകകള്‍ക്ക് ലൈസന്‍സി കടത്തിനടിമയാകും. 2023 ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ നവംബര്‍ മാസമായിട്ടും ലഭിച്ചിട്ടില്ല. സൗജന്യ കിറ്റ് വിതരണം ചെയ്ത വകയിലുള്ള കമ്മീഷനും കിട്ടാനുണ്ട്.

അസഹനീയമായ ഈ സാമ്പത്തിക ദുരിതാവസ്ഥയില്‍ പണo മുടക്കി സ്റ്റോക്ക് വിട്ടെടുക്കേണ്ട കാര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ വഴിമുട്ടി നില്‍ക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

എ പി എല്‍ അരി, ആട്ട, മണ്ണെണ്ണ എന്നിവയ്ക്ക് വേണ്ടി മുന്‍കൂര്‍ പണമടയ്ക്കുന്നതിന് യാതൊരു നിര്‍വ്വാഹവുമില്ലാത്ത സ്ഥിതിയാണ് വ്യാപാരികളുടേത്.

ഡിസംബര്‍ 1 മുതല്‍ കമ്മീഷന്‍ കുടിശ്ശിക തുക ലഭിക്കാത്ത പക്ഷം ഒരു കാരണവശാലും പണമടച്ച് റേഷന്‍ സാധനങ്ങള്‍ ഡെലിവറിയെടുക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ജന: സെക്രട്ടറി ടി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ഇ ശ്രീജന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍, വി. കെ മുകുന്ദന്‍, കെ.പി ബാബു, എം.പി സുനില്‍കുമാര്‍, ശശി മങ്കര, മാലേരി മൊയ്തു, ഇല്ലിക്കണ്ടി ബഷീര്‍, പി. എ റഷീദ്, എം. മധുസൂദനന്‍, കെ.കെ പരീത്, യു.ഷിബു എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!