പരിസ്ഥിതിയും സ്ത്രീ പ്രശ്നങ്ങളും: സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്തു



കേരള വനിതാ കമ്മീഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പരിസ്ഥിതിയും സ്ത്രീ പ്രശ്നങ്ങളും’ എന്ന വിഷയത്തിലുള്ള സംസ്ഥാന സെമിനാര്‍ വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ പലപ്പോഴും വ്യത്യസ്ത ലിംഗപദവികളെ വ്യത്യസ്തമായാണ് ബാധിക്കുന്നത്. പാരിസ്ഥിതികമായ ഏത് പ്രശ്നങ്ങളിലും സാഹചര്യങ്ങളിലും സ്ത്രീകള്‍ പലപ്പോഴും ആനുപാതികമല്ലാത്ത ഭാരം വഹിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തെപ്പറ്റി കൂടുതല്‍ അറിയാനും ചര്‍ച്ച ചെയ്യാനുമാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്പറേഷന് മേയര്‍ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി. ‘സുസ്ഥിര പരിസ്ഥിതി സംരക്ഷണം: ലിംഗപദവി വികസന വീക്ഷണത്തില്‍’ എന്ന വിഷയം സാമൂഹ്യ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ സി.എസ്. ചന്ദ്രിക അവതരിപ്പിച്ചു. ‘പ്രകൃതി ദുരന്തങ്ങള്‍: സ്ത്രീപക്ഷ സമീപനം’ എന്ന വിഷയം വനിതാ കമ്മീഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന അവതരിപ്പിച്ചു.
വനിതാ കമ്മിഷന് അംഗങ്ങളായ വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.പി. ജമീല, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.പി. നിഷ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. റീന, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ആര്. സിന്ധു, വനിതാ കമ്മിഷന് പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ എന്നിവര്‍ സംസാരിച്ചു.










