ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചു



കൊയിലാണ്ടി: ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനം ഏഴുമാസത്തിലധികമായി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ് ഓഫീസ് ഉപരോധിച്ചു.
34.5 ലക്ഷം രൂപ ചെലവഴിച്ച് 560 മീറ്റര്‍ നീളത്തിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനം നടക്കേണ്ടത്. പലവിധ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഹാര്‍ബര്‍ എന്‍ജിനീയര്‍ വിഭാഗം പ്രവര്‍ത്തി നീട്ടി കൊണ്ടുപോവുകയായിരുന്നു.
വീടുകളും ഷോപ്പുകളും കൊയിലാണ്ടി താലൂക്ക് ആശുപത്രിയും ട്രാഫിക് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും തണല്‍ ഡയാലിസിസ് സെന്ററും ലാബുകളും ഫാര്‍മസികളും സാംസ്‌കാരിക നിലയവും കണ്ണൂര്‍ സര്‍വോദയ സംഘവും ഖല്‍ഫാന്‍, ഐസിഎസ് സ്‌കൂളുകളും പള്ളികളും അമ്പലങ്ങളും ഉള്‍പ്പെടെ ധാരാളം സ്ഥാപനങ്ങള്‍ ആണ് ഈ റോഡിന് ഇരുവശവും നിലകൊള്ളുന്നത്.
ഹാര്‍ബറിലേക്കുള്ള പ്രധാന റോഡ് എന്ന രീതിയിലും ടൗണ്‍ വാര്‍ഡിലെ പ്രധാനപ്പെട്ട റോഡ് എന്ന രീതിയിലും ബീച്ച് റോഡിന്റെ പ്രാധാന്യം വലുതാണ്. റോഡില്‍ പൊടിപടലം കാരണം ശ്വാസകോശ രോഗം ഉള്‍പ്പെടെ പലതരത്തിലുള്ള ശാരീരികമായബുദ്ധിമുട്ടുകളും അനുഭവപ്പെടുകയാണ്.
അതോടൊപ്പം തന്നെ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ റോഡിന്റെ തകരാറുകാരണം ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. ഏഴു മാസത്തിലധികമായി പ്രവര്‍ത്തി തുടങ്ങിയിട്ട്. 2023 മെയ് 11നാണ് പ്രവര്‍ത്തി ഉദ്ഘാടനം നടത്തിയത്.
എന്ന് പണി പൂര്‍ത്തീകരിക്കും എന്നറിയാതെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം ഇരുട്ടില്‍ തപ്പുകയാണ്. 29. 11. 2023 പ്രവര്‍ത്തി പുനരാരംഭിക്കുമെന്ന് എഴുതി വാങ്ങിയതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ എ അസീസ്, പി പി യൂസഫ്, ബഷീര്‍ അമേത്ത് മുഹമ്മദ്, ഹാരിസ് ലൈഫ് ലൈന്‍, റഫീഖ് ആര്‍ എം, അബ്ദുള്ള കെ വി,
ഹാഷിം ബര്‍ഗൈവ, റഫീഖ് ബക്കാല, യൂസഫ്.കെ എന്നിവര്‍ പങ്കെടുത്തു.








