കളമശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസിന്റെ ഇന്നത്തെ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി

കോഴിക്കോട്: കളമശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസിന്റെ ഇന്നത്തെ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്‌നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാതയോഗം ചേരും. എന്നാല്‍ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കി.

മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവര്‍ കളമശ്ശേരിയില്‍ എത്തി ഏകോപന ചുമതലകള്‍ വഹിച്ച്‌വരുന്നു. അരോഗ്യ മന്ത്രി വീണ ജോര്‍ജ് ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ ഏകോപനമുണ്ടാക്കും.

കളമശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം. കൃത്യമായ ഇടവേളകളില്‍ വിദ്യാര്‍ഥികളുടെ ആരോഗ്യനില വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കൂടാതെ കളമശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

അതേസമയം കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചു. രാവിലെ ഏഴിന് നടപടികള്‍ ആരംഭിച്ചു. ഒരേസമയം കളമശ്ശേരി മെഡിക്കല്‍ കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് പോസ്റ്റ്മോര്‍ട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുന്‍പായി മൃതദേഹങ്ങള്‍ വിട്ടു നല്‍കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുസാറ്റില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!