നവകേരള സദസ്സ്: കൊയിലാണ്ടിയിൽ ഒരുക്കങ്ങൾ പൂർത്തിയായി, നിവേദനങ്ങൾ സ്വീകരിക്കുവാൻ 20 കൗണ്ടറുകൾ



മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൊയിലാണ്ടി മണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കാനത്തിൽ ജമീല എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 25ന് രാവിലെ ഒൻപത് മണിക്ക് കൊയിലാണ്ടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് നവകേരള സദസ്സ് നടക്കുക. പതിനായിരങ്ങൾ നവകേരളത്തിന്റെ ഭാഗമാകും. രാവിലെ ഒമ്പത് മണി മുതൽ കലാപരിപാടികൾ ആരംഭിക്കും. കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന തായംബക, നാടൻപാട്ട് സ്വാഗതഗാനം എന്നിവ അരങ്ങേറും.
പൊതുജനങ്ങൾക്ക് നിവേദനങ്ങൾ സമർപ്പിക്കാൻ 20 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിൻറെ വടക്കുഭാഗത്താണ് കൗണ്ടറുകൾ ക്രമീകരിച്ചിട്ടുള്ളത്. 20 കൗണ്ടറുകളിൽ രണ്ട് വീതം കൗണ്ടറുകൾ സ്ത്രീകൾക്കും മുതിർന്ന പൗരമാർക്കും ഒന്ന് ഭിന്ന ശേഷിക്കാർക്കും മാത്രമായി മാറ്റിവെച്ചിട്ടുണ്ട്. രാവിലെ എട്ട് മണി മുതൽ പരിപാടി അവസാനിക്കുന്നതുവരെ നിവേദനം സ്വീകരിക്കും. പരിപാടിക്കെത്തുന്ന ജനങ്ങളെ സഹായിക്കാനായി മെഡിക്കൽ,പോലീസ്,ഫയർ എന്നിവരുടെയും വളണ്ടിയർമാരുടെയും സേവനം സ്റ്റേഡിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്. നവകേരള സദസ്സിൽ പങ്കെടുക്കാനെത്തുന്ന ജനങ്ങൾ ബോയ്സ് സ്കൂൾ റോഡിലുള്ള ഗേറ്റിലൂടെയാണ് സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടത്.
ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വടക്കുഭാഗത്ത് നിന്നും വരുന്നവ കേരള ബാങ്കിന് സമീപത്തും തെക്കുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻറിന് മുൻവശത്തും നടേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് മുൻപായി ആളുകളെയിറക്കി കോമത്തുകര ബൈപ്പാസിൻറെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നിടത്ത് പാർക്ക് ചെയ്യണം.കാറുകളുൾപ്പെടെയുള്ള ചെറിയ നാലു ചക്ര വാഹനങ്ങൾ കൊയിലാണ്ടി ഓവർബ്രിഡ്ജിൽ നിന്നും മുത്താമ്പി റോഡിലേക്കിറങ്ങുന്നിടത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.ഇരുചക്ര വാഹനങ്ങൾ കൊയിലാണ്ടി ലോറി സ്റ്റാൻറിലും കൊയിലാണ്ടി ആശുപത്രിയുടെ പഴയകെട്ടിടം പൊളിച്ച സ്ഥലത്തും കേരള ബാങ്കിൻറെ മുൻവശത്തും പാർക്ക് ചെയ്യേണ്ടതാണ്. സർക്കാർ വാഹനങ്ങൾ കൊയിലാണ്ടി ജി.വി.എച്ച്.എസ്സ്.എസ്സ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
നവകേരള സദസ്സിന്റെ പ്രചരണാർത്ഥം വിപുലമായ പരിപാടികളാണ് കൊയിലാണ്ടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിളംബരജാഥകളും കൂട്ടയോട്ടം, ചിത്രകാരന്മാരുടെ കൂട്ടായ്മയായ കൂട്ടവര, മെഹന്തി ഫെസ്റ്റ് എന്നീ പരിപാടികൾ ശ്രദ്ധേയമായിരുന്നു. വിവിധ കാലാലയങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫ്ലാഷ്മോബ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നും നാളെയുമായി പര്യടനം നടത്തും.
വാർത്താസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് , മുൻ എം.എൽ.എമാരായ പി.വിശ്വൻ, കെ.ദാസൻ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ്, നോഡൽ ഓഫീസർ എൻ.എം.ഷീജ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.








