നവകേരള സദസ്സ്: മൈലാഞ്ചി മൊഞ്ച് തീർത്ത് മെഹന്തി ഫെസ്റ്റ്



കൊയിലാണ്ടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാൾ അങ്കണത്തില്‍ നടന്ന പരിപാടി കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി അംഗം ടി വി ഗിരിജ അധ്യക്ഷത വഹിച്ചു.
നിരവധി പേരാണ് മെഹന്തി ഫെസ്റ്റിൽ പങ്കെടുക്കുവാനും കാണുവാനുമായി എത്തിച്ചേർന്നത്. മത്സരത്തില്‍ നജീബ ഒന്നാം സ്ഥാനവും ഫാത്തിമ രണ്ടാം സ്ഥാനവും ഷഹര്‍ബാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പരിപാടിയില്‍ മുന്‍ എംഎല്‍എ മാരായ പി വിശ്വന്‍, കെ ദാസന്‍ എന്നിവര്‍ പങ്കെടുത്തു. പ്രചരണ കമ്മിറ്റി ചെയർമാനും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ ഷിജു സ്വാഗതവും നോഡല്‍ ഓഫീസര്‍ എന്‍ എം ഷീജ നന്ദിയും പറഞ്ഞു.








