ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ അവലോകന യോഗം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു



കോഴിക്കോട്: മൃഗസംരക്ഷണ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ വടക്കൻ മേഖലാ അവലോകന യോഗം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിൽ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലും ഫീൽഡ് തല ജോലികൾ നിർവഹിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ വിവിധ പ്രശ്നങ്ങൾ മന്ത്രി നേരിട്ട് മനസിലാക്കി.
ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മന്ത്രി വിശദമായി മറുപടി നൽകുകയും അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സിന്ധു കെ. അധ്യക്ഷത വഹിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാരെയും ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരെയും ഉൾപ്പെടുത്തിയാണ് മേഖലാ തല അവലോകന യോഗം സംഘടിപ്പിച്ചത്.
കോഴിക്കോട് മെറീന റെസിഡൻസിയിൽ നടന്ന യോഗത്തിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. വിനുജി ഡി.കെ, ജോസഫ്, ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്ട് കോഡിനേറ്റർ ഡോ.സിന്ധു എസ്, കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഗുണാതീത കെ. ആർ , ഡോ.ജോയ് എ.ജെ എന്നിവർ സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർ ജില്ലകളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.








