മേലടി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി

മേലടി ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. സ്കൂൾ കലോത്സവം കേരളത്തിന്റെ ജനകീയ ഉത്സവമായി മാറിയെന്ന് മന്ത്രി പറഞ്ഞു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർ​ഗവാസനകളുടെ പരിപോഷണത്തിലൂടെ മാത്രമെ വിദ്യാഭ്യാസമെന്ന മഹത്തായ ദൗത്യം പൂർത്തികരിക്കപെടുകയുള്ളൂ. കലാ സാഹിത്യ രംഗങ്ങളിൽ നിരവധി പ്രതിഭകളെയാണ് കലോത്സവ വേദികളിലൂടെ വാർത്തെടുത്തത്. മൺമറഞ്ഞുപോകുമായിരുന്ന അനേകം കലാരൂപങ്ങളെ ഇത്തരം വേദികളിലൂടെ സംരക്ഷിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. വന്മുഖം ജി.എച്ച്.എസ് ഹെഡ്മിസ്ട്രസ് പി.ഡി സുചിത്ര കലോത്സവ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തം​ഗം ദുൽഖിഫിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, വെെസ് പ്രസിഡന്റ് ചെെത്ര വിജയൻ, വികസന കാര്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, മൂടാടി ​ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ ഭാസ്ക്കരൻ, എം.കെ മോഹനൻ, മെമ്പർ പപ്പൻ മൂടാടി, മേലടി എഇഒ എൻ.എം ജാഫർ, ബിപിസി വി അനുരാജ്, പിടിഎ പ്രസിഡന്റ് നൗഫൽ നന്തി, ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ.കെ മനോജ്കുമാർ, വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ സ്വാ​ഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ഹേമലാൽ മൂടാടി നന്ദിയും പറഞ്ഞു.

നവംബർ 17 വരെ വന്മുഖം ജി.എച്ച്.എസിലാണ് മേലടി ഉപജില്ലാ കേരള സ്കൂൾ കലോത്സവ നടക്കുന്നത്. 90-ഓളം സ്കൂളുകളിൽ നിന്നായി ആറായിരത്തിൽപരം പ്രതിഭകൾ മാറ്റുരയയ്ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!