നവകേരള സദസ്സ്: ആവേശമായി റൺ ബേപ്പൂർ മാരത്തോൺ
ബേപ്പൂർ മണ്ഡലത്തിന് പുതിയൊരു കായികാനുഭവം പകർന്നുനൽകി റൺ ബേപ്പൂർ മാരത്തോൺ. മന്ത്രി പി.എ മുഹമ്മദ് റിയാസും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും കായിക താരം സി.കെ വിനീത് കുമാറും മാരത്തോണിൽ പങ്കെടുത്തത് മണ്ഡലത്തെ ആവേശത്തിലാഴ്ത്തി.
മാരത്തോൺ ഫറോക്ക് ബസ് സ്റ്റാൻഡിനു സമീപം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും കായിക താരം സി.കെ വിനീതും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യാതിഥികൾക്കും കായിക താരങ്ങൾക്കുമൊപ്പം സെൽഫി എടുത്തശേഷം മന്ത്രി മാരത്തോണിലും പങ്കുചേർന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥമാണ് മാരത്തോൺ സംഘടിപ്പിച്ചത്. ഫറോക്ക് ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മിനി മാരത്തോണിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മാരത്തോൺ രാമനാട്ടുകരയിൽ സമാപിച്ചു. ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂര്‍ നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തിലാണ് നടക്കുക.