കൊയിലാണ്ടി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ഉദ്ദ്യോഗസ്ഥരെ രക്ഷപ്പെടുത്താനോ; യു ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.

കൊയിലാണ്ടി: നഗരസഭയുടെ 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്നും യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി.
2023 മാര്‍ച്ച് 7 ന് ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭയില്‍ ലഭിച്ചിട്ടും ചട്ടപ്രകാരം ഒരു മാസത്തിനകം പ്രത്യേക കൗണ്‍സില്‍ വിളിച്ച് ഓഡിറ്റ് പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും മറുപടി നല്‍കേണ്ടതുമാണ്. 8 മാസത്തിനു ശേഷം യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ ആവശ്യപ്രകാരം യോഗം വിളിച്ചു ചേര്‍ത്തത്. ചര്‍ച്ച തുടങ്ങിയത് മുതല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍മാരെ രക്ഷിക്കാനുള്ള മറുപടികളായിരുന്നു ചെയര്‍പേഴ്‌സന്റെയും സെക്രട്ടറിയുടെയും ഭാഗത്തു നിന്നുണ്ടായത്. ഇത് ചോദ്യം ചെയ്ത് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിവന്നതായി കൗണ്‍സിലര്‍ പാര്‍ട്ടി ലീഡര്‍ പി. രത്‌നവല്ലി ടീച്ചര്‍ പറഞ്ഞു.

മാലിന്യ സംസ്‌കരണം, കുടിവെള്ളം, വാട്ടര്‍ എ ടി എം, നികുതി പിരിവ്, ലൈസന്‍സ് അനുവദിക്കല്‍, കണ്ടിജന്റ് ജീവനക്കാരുടെ യൂണിഫോം വാങ്ങല്‍, മറ്റ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങല്‍, കുടിവെള്ള വിതരണത്തിനായുള്ള ടെണ്ടര്‍ നടപടികള്‍ എന്നിവയിലാണ് ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്.
ഇതിനുള്ള കൃത്യമായ മറുപടി നല്‍കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല.

നഗരസഭയുടെ കീഴിലുള്ള കെട്ടിടങ്ങളുടെ വാടക പിരിക്കുന്നതിന് പ്രത്യേക ഇളവ് നല്‍കിയതുള്‍പെടെയുള്ള ഗുരുതര ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും ക്രമക്കേടുകള്‍ നടത്തിയവരെ നഗരസഭ ചെയര്‍പേഴ്‌സന്‍ വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്നും കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിലും അനധികൃത നിര്‍മ്മാണങ്ങളിലും ഭരണ സമിതിയുടെ സ്വന്തക്കാര്‍ക്കും പല രൂപത്തില്‍ അഴിമതി നടത്താന്‍ ഒത്താശ ചെയ്തു കൊടുക്കുന്നുവെന്നും യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഭരണ സമിതി രാജിവെക്കണമെന്ന മുദ്രാവാക്യവുമായി യോഗത്തില്‍ നിന്നും ഇറങ്ങി വന്ന യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധ സമരം പി. രത്‌ന വല്ലിടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വി. പി. ഇബ്രാഹിം കുട്ടി, മനോജ് പയറ്റുവളപ്പില്‍, കെ. എം.നജീബ്, രജീഷ് വെങ്ങളത്തു കണ്ടി, എ അസീസ്, പി. ജമാല്‍, ഫാസില്‍ നടേരി, വി. വി. ഫക്രുദ്ധീന്‍, വത്സരാജ് കേളോത്ത്, ഷീബ അരീക്കല്‍, കെ. എം.സുമതി, കെ.ടി.വി. റഹ്മത്ത്, ജിഷ പുതിയേടത്ത്, ദൃശ്യ, ശൈലജ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!