2025ന്റെ പുതുവത്സര സമ്മാനമായി രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് തുറന്നു നൽകും: മന്ത്രി മുഹമ്മദ് റിയാസ്



2025ന്റെ പുതുവത്സര സമ്മാനമായി 28.4 കിലോമീറ്റർ രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ജനങ്ങൾക്കായി തുറന്നു നൽകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബൈപ്പാസിലെ പൂളാടിക്കുന്ന് ഫ്ലൈ ഓവറിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബൈപ്പാസ് യാഥാർഥ്യമാകുന്നതോടെ ഇതുവഴിയുള്ള യാത്രാ സമയം ഒരു മണിക്കൂറോളം ലാഭിക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.
ഏഴ് ഫ്ലൈ ഓവറുകൾ, പുതിയ നാല് അണ്ടർ പാസ്സുകൾ, 16 ലൈറ്റ് വെഹിക്കിൾ അണ്ടർപാസ്സുകൾ, രണ്ട് ഓവർ പാസ്സുകൾ, നാല് വലിയ പാലങ്ങൾ, ഒരു ചെറിയ പാലം എന്നിവ ഉൾപ്പെട്ട ബൈപ്പാസിന്റെ 52 ശതമാനം പ്രവൃത്തികളും ഇതിനകം പൂർത്തിയായി. കോഴിക്കോട് ജില്ലയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീക്കി പ്രവൃത്തികൾ വളരെ വേഗം പുരോഗമിക്കുകയാണ്. ബാക്കിയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ, ജില്ലാ കലക്ടർ എന്നിവരെ പങ്കെടുപ്പിച്ച് നവംബർ ആദ്യവാരം പ്രത്യേക യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ നടക്കുന്നുണ്ട്. അതോടൊപ്പം ഓരോ രണ്ടാഴ്ചയിലും ദേശീയ പാത അതോറിറ്റി അധികൃതരുമായി പൊതുമരാമത്ത് വകുപ്പും നിർമാണ പുരോഗതി വിലയിരുത്തി വരുന്നുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തിലും ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ നടന്നു വരുന്നതായും മന്ത്രി അറിയിച്ചു. രണ്ട് വർഷത്തിനകം ജില്ലയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളെല്ലാം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോവുന്നത്.
പൂളാടിക്കുന്ന് ഫ്ലൈ ഓവറിന്റെ നിർമാണ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തി. ഇതിന്റെ 168 തൂണുകളിൽ 140 എണ്ണവും ഇവയ്ക്കു മുകളിലുള്ള 38 പൈൽ ക്യാപ്പുകളിൽ 22 എണ്ണവും 38 പിയർ ക്യാപ്പുകളിൽ അഞ്ചെണ്ണവും 180 ഗർഡറുകളിൽ 51 എണ്ണവും ഇതിനകം പൂർത്തിയായി. സമയബന്ധിതമായ രീതിയിലാണ് ഫ്ലൈ ഓവറിന്റെ നിർമാണം മുന്നോട്ടു പോവുന്നതെന്നും മന്ത്രി അറിയിച്ചു. 2024 അവസാനത്തോടെ പൂളാടിക്കുന്ന് ഫ്ലൈ ഓവറിന്റെ നിർമാണം പൂർത്തിയാക്കും. ബൈപ്പാസിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിന് 1849 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 434 കോടി രൂപ സംസ്ഥാന സർക്കാർ വഹിച്ചു. റോഡ് വികസനത്തിനായി മണ്ണെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ തടസ്സങ്ങൾക്ക് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടതായും മന്ത്രി അറിയിച്ചു.
ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അഷുതോഷ് സിൻഹ, പ്രൊജക്ട് മാനേജർ ദേവരാജുലു റെഡ്ഡി, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.








