പോലീസിൽ സ്ത്രീ പ്രാതിനിധ്യം ഉയർത്തുക സർക്കാർ നയം: മന്ത്രി പി എ മുഹമ്മദ് റിയാസ്



പോലീസിൽ സ്ത്രീ പ്രാതിനിധ്യം ഉയർത്തുകയാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിങ്സ് പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പരാതി പറയാൻ പോലും പോലീസ് സ്റ്റേഷനിൽ ആളുകൾ വരാൻ മടിക്കുന്ന കാലത്ത് നിന്നും ഏറെ സന്തോഷത്തോടെ പരാതി നൽകാൻ കയറി ചെല്ലാൻ പറ്റുന്ന ഇടമായി ഇന്ന് പോലീസ് സ്റ്റേഷൻ മാറി. പോലീസ് സ്റ്റേഷൻ എല്ലാവർക്കും ആശ്രയിക്കാൻ പറ്റുന്ന ഇടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ രാജ്യത്ത് നമ്പർ വൺ കേരളമാണെന്നത് ഒരു യാഥാർത്ഥ്യമാണന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യാതിഥിയായി, ലോ ആന്റ് ഓർഡർ എഡിജിപി എം ആർ അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. മെജസ്റ്റിക് ഹാളിൽ നടന്ന ചടങ്ങിൽ വനിതാ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ തുളസി റിപ്പോർട്ട് അവതരിപ്പിച്ചു. തൃശ്ശൂർ റൂറൽ ഡിപിസി ഐശ്വര്യ ഡോംഗ്രെ,ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു, ക്രൈംബ്രാഞ്ച് എസ്പി കെ കെ മൊയ്തീൻ കുട്ടി, വുമൺ സെൽ സിഐ പി ഉഷ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ വിപ്രദീപൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി രമേശൻ വെള്ളാറ എന്നിവർ സംസാരിച്ചു. നോർത്ത് സോൺ ഐജി കെ സേതുരാമൻ സ്വാഗതവും ഡിഐജി രാജ്പാൽ മീണ നന്ദിയും പറഞ്ഞു. വിവിധ വിഷയങ്ങളിലായി നടന്ന സെഷനുകളിൽ വിദഗ്ധർ സംസാരിച്ചു.








