സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ വനിതാ പോലീസിന്റെ പ്രവർത്തനം മാതൃകാപരം: അഡ്വ. പി സതീദേവി

വനിതാ – ശിശു സംരക്ഷണ നിയമങ്ങളും പോലീസും: വനിതാ കമ്മിഷന്‍ ജില്ലാതല സെമിനാര്‍ നടത്തി

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാതൃകാപരമായ ഇടപെടലുകളാണ് പ്രവർത്തനമാണ് കേരളത്തിലെ വനിതാ പോലീസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സിറ്റി വനിതാ പോലീസ് സ്‌റ്റേഷന്‍ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ‘വനിതാ – ശിശു സംരക്ഷണ നിയമങ്ങളും പോലീസും’ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ. സുഗമമായ കുടുംബാന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിനുള്ള ജാഗ്രത ഈ സമൂഹത്തിന് ആകെ ഏറ്റെടുക്കേണ്ട തായിട്ടുണ്ട്. ഇതിൽ പോലീസിന്റെ ഉത്തരവാദിത്വം വളരെയേറെ വലുതാണ്. സ്ത്രീപക്ഷ കേരളത്തിനുവേണ്ടി സംസ്ഥാന സർക്കാർ തന്നെ മുന്നോട്ടു വന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോൾ ആ നിയമങ്ങളുടെ പ്രയോജനം സ്ത്രീകൾക്ക് ലഭ്യമാകുന്നതിനുതകുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാൻ ഏറ്റവും നല്ല പങ്കുവഹിക്കേണ്ടത് പൊലീസുകാരാണ്. സ്ത്രീപക്ഷ കാഴ്ചപ്പാടോടുകൂടിയുള്ള   അന്വേഷണം നടത്തിക്കൊണ്ട് സ്ത്രീകൾക്ക് സുരക്ഷിതത്വം ഉണ്ടാക്കിയെടുക്കാനും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായിട്ടുള്ള സാഹചര്യം ഉറപ്പുവരുത്താനും പോലീസ് സേന  വളരെ ജാഗ്രതയോടു കൂടെ പ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ജനമൈത്രി പോലീസ്‌ വളരെ ശിശു സൗഹൃദവും സ്ത്രീ സൗഹൃദവുമായിട്ടുള്ള നിലയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്ന് വളരെ അഭിമാനത്തോടെ കൂടെ പറയാൻ സാധിക്കുന്ന അന്തരീക്ഷം കേരളത്തിൽ ഉണ്ടാവണം. സ്ത്രീകളുടെ സാമൂഹികമായുള്ള പദവി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒട്ടേറെ പരിപാടികൾ  കേരളത്തിലുടനീളം  വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
ടൗണ്‍ഹാളില്‍ നടന്ന സെമിനാറിൽ വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ ബീനാ ഫിലിപ്പ് മുഖ്യാതിഥിയായി.

ബാലാവകാശ നിയമങ്ങളും പോലീസും എന്ന വിഷയത്തിൽ ജില്ലാ കുടുംബകോടതി ജഡ്ജി ആര്‍.എല്‍. ബൈജുവും സ്ത്രീ സംരക്ഷണ നിയമങ്ങളും പോലീസും എന്ന വിഷയത്തിൽ തൃശൂര്‍ റേഞ്ച് ഡിഐജി അജിതാ ബീഗവും സംസാരിച്ചു. കേരള വനിതാ കമ്മിഷന്‍ അംഗം വി. മഹിളാമണി, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറും ഡിഐജിയുമായ രാജ്പാല്‍ മീണ, കേരള വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍,  ഡെപ്യുട്ടി പോലീസ് കമ്മിഷണര്‍ കെ.ഇ. ബൈജു, കെ. അജിത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!