വി എസിന് ഇന്ന് നൂറാം പിറന്നാൾ



മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിനൊപ്പം നടന്ന ജീവിതമാണ് വി എസിന്റേത്. സിപിഐ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവാണ് വി എസ്. മകൻ വിഎ അരുൺകുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് വി എസ് ഇപ്പോഴുള്ളത്.
ഏറെക്കാലമായി പൊതുരംഗത്ത് നിന്ന് വി എസ് മടങ്ങിയിട്ട്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി എസ് അറിയുന്നുണ്ടെന്ന് മകൻ അരുൺകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരിയ പക്ഷാഘാതത്തെ തുടർന്നാണ് വി എസ് പൊതുവേദിയിൽ നിന്ന് അകന്നത്.
1923 ഒക്ടോബർ 20നാണ് വി എസിന്റെ ജനനം. നാലാം വയസ്സിൽ അമ്മ മരിച്ചു. 11ാം വയസ്സിൽ അച്ഛനും മരിച്ചതോടെ അനാഥനായി. ദാരിദ്ര്യം കൊടികുത്തിയ സമയമാണെങ്കിലും പഠിക്കണമെന്ന മോഹം ഉപേക്ഷിച്ചില്ല. നാട്ടിൽ സവർണ കുട്ടികൾ ചൊവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ ബൽറ്റ് ഊരിയടിച്ച് തുടങ്ങിയതാണ് വ്യവസ്ഥിതിയോടുള്ള വിഎസിന്റെ കലഹം. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പ് അവസാനിപ്പിച്ചു
ചേട്ടന്റെ തയ്യൽക്കടയിലെ ചെറിയ ജോലിയും വിശപ്പ് അടക്കാൻ പോന്നതായിരുന്നില്ല. പതിനഞ്ചാം വയസ്സിൽ ആസ്പിൻവാൾ കമ്പനിയിൽ ജോലിക്ക് കയറി. പതിനേഴാം വയസ്സിൽ പാർട്ടി അംഗത്വം. 1943ലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിൽ വി എസ് പ്രതിനിധിയായി. അച്യുതാനന്ദൻ എന്ന യുവനേതാവിന്റെ വളർച്ച അവിടെ തുടങ്ങുകയായിരുന്നു
തൊഴിലാളികളുടെ കൂലിക്ക് വേണ്ടി ശബ്ദിച്ചതോടെ ജന്മിമാരുടെ കടുത്ത ശത്രുവായി വി എസ് മാറി. കൊല്ലാനായിരുന്നു ജന്മിമാരുടെ ഉത്തരവ്. കൊടിയ മർദനങ്ങളും ചെറുത്തുനിൽപ്പുകളും പ്രതിഷേധവുമൊക്കെ ജീവിതത്തിൽ പലതവണയായി മാറി മാറി വന്നു. പിന്നീടാണ് ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന്റെ നായകനാകുന്നത്. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞതാണ് ഒരിക്കൽ വിഎസിനെ. അവിടെ നിന്ന് ഇയാൾ തിരികെ എത്തി. 1957ൽ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ വന്നതോടെ സംസ്ഥാന നേതൃ നിരയിലേക്ക് വി എസ് ഉയർന്നു.








