‘ആർദ്രം ആരോഗ്യം’: പേരാമ്പ്ര താലൂക്ക് ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോർജ് സന്ദർശിച്ചു



‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര താലൂക്ക് ആശുപത്രി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ആശുപത്രി നവീകരണത്തിന്റെ ഭാഗമായി കിഫ്ബി മുഖേന ലഭ്യമായ ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതിന് ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവ. കേളേജിന്റെ കൈവശമുള്ള രണ്ടേക്കർ സ്ഥലം ആശുപത്രി വികസനത്തിന് വിട്ട് നൽകുന്നതിനുള്ള നടപടികളെ കുറിച്ച് ചർച്ച ചെയ്ത മന്ത്രി നടപടികൾ ത്വരിതപ്പെടുത്താൻ നിർദേശം നൽകി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച എക്സറെ മെഷീൻ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു. ഒ.പി, ഐ.പി , കാഷ്വാ ലിറ്റി, ഡയാലിസിസ് സെന്റർ എന്നിവയുടെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. വാർഡുകൾ സന്ദർശിച്ച മന്ത്രി രോഗികളുടെ സുഖവിവരങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. നിപ രോഗ സാധ്യതയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറിയ ഹെൽത്ത് സൂപ്പർവൈസർ വി.പി മനോജ് കുമാറിനെ മന്ത്രി ആദരിച്ചു.
ടി.പി രാമകൃഷ്ണൻ എം എൽ എ , ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, വൈസ് പ്രസിഡന്റ് പി.കെ പാത്തുമ്മ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, അഡീഷണൽ ഡയറക്ടർ ഡോ. രാജേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ കെ. കെ രാജാറാം, ഡി. പി. എം ഡോ.കെ ഷാജി, മെഡിക്കൽ ഓഫീസർ കെ ഗോപാല കൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും മന്ത്രിയോടെപ്പം ഉണ്ടായിരുന്നു.








