സുബ്രതോ കപ്പ്: ചണ്ഡീഗഢ് – കേരളം ക്വാർട്ടർ നാളെ



ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബോളിൽ (അണ്ടർ 17 ആൺകുട്ടികൾ) കേരളം നാളെ ക്വാർട്ടർ ഫൈനലിന് ഇറങ്ങും. രാവിലെ എട്ട് മണിക്ക് നടക്കുന്ന മത്സരത്തിൽ ചണ്ഡീഗഢ് ഗവ. മോഡൽ സീനിയർ സെക്കൻഡറി സ്കൂളാണ് എതിരാളികൾ. കഴിഞ്ഞ വർഷം ഫൈനൽ കളിച്ച ചണ്ഡീഗഢ് ക്വാർട്ടറിൽ കേരളത്തെയായിരുന്നു തോൽപ്പിച്ചിരുന്നത്.
ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിനെ 4-2 തകർത്താണ് കേരളം അവസാന എട്ടിൽ പ്രവേശിച്ചത്. ആദ്യമത്സരത്തിൽ ഗുജറാത്തിനെ 18-0 നും രണ്ടാം മത്സരത്തിൽ ഇന്ത്യൻ പബ്ലിക് സ്കൂൾ കോൺഫ്രൻസിനെ 9-0 നും കേരളം മറികടന്നു. അരുണാചൽപ്രദേശ്, ബിഹാർ, ലക്ഷ്വദീപ് ടീമുകളെ തോൽപ്പിച്ചാണ് ചണ്ഡീഗഢ് ക്വാർട്ടറിൽ കടന്നത്.
മലപ്പുറം അത്താണിക്കൽ എം ഐ സി സ്കൂൾ (മുത്തൂറ്റ് അക്കാദമി) ആണ് കേരളത്തെ പ്രതിനിധീകരിച്ച് സുബ്രതോ കപ്പിൽ പങ്കെടുക്കുന്നത്. അരീക്കോട് സ്വദേശി കെ. അനീസാണ് ടീം കോച്ച്.
Text: Jafar Khan








