ശോഭീന്ദ്രൻ മാസ്റ്ററുടെ വിയോഗം തീരാനഷ്ടം: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുസമൂഹത്തിനും പരിസ്ഥിതി സ്നേഹികൾക്കും പ്രൊഫസർ. ശോഭീന്ദ്രൻ മാസ്റ്ററുടെ വിയോഗം തീരാനഷ്ടമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. പച്ച തൊപ്പിയും പച്ച വസ്ത്രങ്ങളും അണിഞ്ഞ് കോഴിക്കോട് നഗരത്തിന്റെ എല്ലാ ഇടങ്ങളിലും പ്രത്യക്ഷപ്പെട്ട മാഷ് സാധാരണ മനുഷ്യരുടെ മനസ്സിൽ പരിസ്ഥിതിയോടുള്ള സ്നേഹവും പരിസ്ഥിതി സംരക്ഷിക്കാൻ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു എന്ന ബോധവും വളർത്തുന്നതിൽ നിസ്തുലമായ പങ്കു വഹിച്ചു.

പച്ചപ്പും പുഴകളും തണ്ണീർത്തടങ്ങളും നെൽവയലുകളും എല്ലാം എന്ത് വിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്ന സന്ദേശം അദ്ദേഹം സമൂഹത്തിന് ജീവിതം കൊണ്ടു നൽകി. കോഴിക്കോട്ടുകാരെ സംബന്ധിച്ച് പരിസ്ഥിതി സ്നേഹം എന്ന വാക്കിൻറെ പര്യായമായിരുന്നു ശോഭീന്ദ്രൻ മാസ്റ്റർ. പരിസ്ഥിതി സംരക്ഷണത്തിനായുള്ള സമരമുഖങ്ങളിൽ തന്റെ വിദ്യാർത്ഥികളെയടക്കം കൂടെകൂട്ടി മുൻപന്തിയിൽ അദ്ദേഹം എന്നും നിന്നു . കോഴിക്കോട് വേങ്ങേരിയിൽ അദ്ദേഹം ആരംഭിച്ച ഗ്രീൻ വേൾഡ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വലിയ പങ്കാണ് വഹിക്കുന്നത്.

ഒരുകാലത്ത് മൊട്ടക്കുന്നായിരുന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ പരിസരം ഇന്ന് കാണുന്ന നിലയിൽ ഹരിതാഭമാക്കിയതിന് തുടക്കം കുറിച്ചത് അദ്ദേഹമാണ്. നല്ല മനസ്സാണ് നല്ല പ്രകൃതി എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അദ്ദേഹവുമായി നല്ല അടുപ്പം സൂക്ഷിക്കാനും പല പരിപാടികളിലും ഒപ്പം പങ്കെടുക്കാനും കഴിഞ്ഞിട്ടുണ്ട്. മാഷിൻറെ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!