വടകര – ഒഞ്ചിയം റൂട്ടിൽ ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ്
കണ്ണൂക്കര-ഒഞ്ചിയം വില്യാപ്പള്ളി-വടകര റൂട്ടിലേക്ക് പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് സർവീസ് കെ.കെ രമ എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ ഭാഗങ്ങളിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനാണ് കെ.എസ്.ആർ.ടി.സി ബസ് സർവീസിലൂടെ പരിഹാരമാകുന്നത്.
ബസ്റൂട്ടെന്ന ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യം ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തതിന്റെ ഫലമായാണ് ലഭിച്ചതെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു. മണിയൂർ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് ഇതേ ബസ്സിന്റെ ഒരു റൂട്ട് വടകര – മണിയൂർ ഭാഗത്തേക്കും ചിട്ടപ്പെടുത്തിയതായും എം.എൽ.എ പറഞ്ഞു. രാവിലെയും വൈകുന്നേരവുമായി മൂന്നോളം ട്രിപ്പുകളാണ് വടകര-കണ്ണൂക്കര ഭാഗങ്ങളിലേക്ക് ഉണ്ടാവുക.
കണ്ണൂക്കരയിൽ നടന്ന ചടങ്ങിൽ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക അധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളർ ഇൻസ്‌പെക്ടർ മുരളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു