ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചില്ല കൊയിലാണ്ടി നഗരസഭയ്‌ക്കെതിരെ അഴിമതി ആരോപണവുമായി മുന്‍സിപ്പല്‍ തല കോണ്‍ഗ്രസ്സ് കമ്മിറ്റി



കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില്‍ നടന്ന വന്‍ അഴിമതികള്‍ വ്യക്തമായി സൂചിപ്പിക്കുന്ന 2021-2022 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് പുറത്ത് വിടാതെ നഗരസഭ പൂഴ്ത്തിവെച്ചത്. കോടിക്കണക്കിന് രൂപയുടെ അഴിമതി ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ട് 2023 മാര്‍ച്ച് 7ാം തിയ്യതിയാണ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരിച്ചാല്‍ ഏറ്റവും അടുത്ത ദിവസം റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും, ഒരു മാസത്തിനകം പ്രത്യേക യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും വേണം. റിപ്പോര്‍ട്ടും റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുകയും വേണം. എന്നാല്‍ 7 മാസം കഴിഞ്ഞിട്ടും നഗരസഭ ഇതിനൊന്നും തന്നെ തയ്യാറാകാതെ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കുകയായിരുന്നു.
ക്ഷേമപദ്ധതികളില്‍ നടന്നിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ അഴിമതി ഞെട്ടിപ്പിക്കുന്നതാണ്. ഒരാള്‍ക്ക് പ്രതിമാസം 31,000 രൂപയിലധികം കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 39 കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം ചെലവഴിച്ചിരിക്കുന്നത് ഒന്നരക്കോടിയോളം രൂപയാണ്. വികലാംഗപെന്‍ഷന്‍ ഇരുപതിനായിരത്തിലധികം രൂപയാണ് ഒരാള്‍ക്ക് പ്രതിമാസം നല്‍കുന്നത് എന്നാണ് നഗരസഭയുടെ വാദഗതി. ഈ ഇനത്തില്‍ 50 പേര്‍ക്കായി ഒരു വര്‍ഷത്തേക്ക് ഒരുകോടി ഇരുപത്തിരണ്ട് ലക്ഷം രൂപയിലധികം നല്‍കിയിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ രണ്ട് ക്ഷേമപദ്ധതികളില്‍ മാത്രം നടന്നിരിക്കുന്നത്.
മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് ഏതാണ്ട് 22 ലക്ഷത്തോളം രൂപയുടെ അഴിമതിയാണ്. 2020-21ല്‍ ഒരു വര്‍ഷം മുഴുവനായി കയറ്റി അയച്ചത് 48245 കി. ഗ്രാം മാലിന്യമാണ്. എന്നാല്‍ ഓഡിറ്റ് വര്‍ഷം 23-4-21 മുതല്‍ 11-9-21 വരെയുള്ള അഞ്ച് മാസക്കാലയളവില്‍ 59 ലോഡുകളിലായി 225835 കി. ഗ്രാം മാലിന്യം കയറ്റി അയച്ചു. ഈ വകയില്‍ 2738969 രൂപ കൈപ്പറ്റി. കയറ്റി അയച്ചത് ആകെ 59 ലോഡുകളാണ്. ഈ ലോഡുകളില്‍ 18 എണ്ണത്തിന്റെ ഭാരം അളന്നത് കൊയിലാണ്ടിയില്‍ നിന്നാണ്. ബാക്കി വെസ്റ്റ്ഹില്‍, പന്തലായനി, കുറ്റ്യാടി (ആകെ 9 എണ്ണം) എന്നിവിടങ്ങളില്‍ നിന്നും, ബാക്കി രേഖകളില്ലാത്തതും വ്യക്തമാകാത്തതുമായ 31 ലോഡ് എവിടെ നിന്നാണെന്നറിയുകയുമില്ല എന്നാണ് നഗരസഭ പറയുന്നത്. കൊയിലാണ്ടിയില്‍ നിന്ന് അയച്ച 18 ലോഡ് മാത്രമാണ് യഥാര്‍ത്ഥത്തിലുള്ള മാലിന്യമെന്നും മറ്റുളളത് കളവാണെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു.
മേല്‍പറഞ്ഞിരിക്കുന്ന രണ്ടിനങ്ങളില്‍ മാത്രമായി രണ്ട് കോടിയിലധികം രൂപയാണ് നഗരസഭ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് അഴിമതി നടത്തിയിരിക്കുന്നത്. ഇതിന് പുറമെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട പര്‍ച്ചേസുകളെല്ലാം തന്നെ നടത്തിയിരിക്കുന്നത് സാന്‍കോര്‍പ്പ് എന്ന പറയുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ്. യാതൊരു പരസ്പര ബന്ധവുമില്ലാത്ത വാട്ടര്‍ എ ടി എം, എം സി എഫ് എന്നിവ മുതല്‍ മണ്‍വെട്ടിവരെ ഈ സ്ഥാപനത്തില്‍ നിന്ന് പര്‍ച്ചേസ് ചെയ്തിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കോ, നഗരസഭാ അധികാരികള്‍ക്കോ നിക്ഷിപ്ത താല്‍പര്യമുള്ള സാന്‍കോര്‍പ്പ് എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും ഓഡിറ്റ് റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു.
കുടിവെള്ള വിതരണത്തിന്റെ ടെണ്ടറില്‍ പങ്കെടുത്ത ബിജേഷ്, അഭിലാഷ് എന്നിവരും നിര്‍വ്വഹണോദ്യോഗസ്ഥനും തമ്മില്‍ ആരോഗ്യകരമല്ലാത്ത ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് അഴിമതി നടത്തി എന്നുറപ്പുള്ള 5, 27,350 രൂപ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നും പറയുന്നു. കെട്ടിടം ഉടമകളില്‍ നിന്ന് പിരിച്ച വാടക 4,48,271 രൂപ നഗരസഭയില്‍ അടച്ചിട്ടില്ല. ഇതിന് പുറമെ ഫോഗിംഗ് മെഷിന്‍, വാട്ടര്‍ എ ടി എം, ഡയറികളും പുസ്തകങ്ങളും, നികുതി ഈടാക്കല്‍, എം സി എഫ് സ്ഥാപിച്ചത്, തെരുവ് വിളക്ക് പരിപാലനം, മഴക്കാല പൂര്‍വ്വ ശുചീകരണം, വരകുന്ന് ഖരമാലിന്യ സംസ്‌കരണ യൂണിറ്റ്, നാപ്കിന്‍ വെന്‍ഡിംഗ് മെഷിന്‍, ടേക്ക് എ ബ്രേക്ക് തുടങ്ങിയവ ഉള്‍പ്പെടെ 45 ഓളം വിഷയങ്ങളിലാണ് ഓഡിറ്റ് കമ്മിറ്റി ക്രമക്കേട് നടന്നതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓഡിറ്റ് നടക്കാത്ത വളം ക്രമക്കേട്, തുങ്കൂര്‍മുഴി മോഡല്‍ ക്രമക്കേട് തുടങ്ങിയവ നേരത്തെ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിര്‍ബാധം തുടര്‍ന്ന് വരുന്ന നഗരസഭയുടെ അഴിമതിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, അഴിമതി നടത്തി എന്ന് തെളിയിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കൊയിലാണ്ടി മുനിസിപ്പല്‍തല കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ വി. വി. സുധാകരൻ, രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണൽ, അഡ്വ. പി. ടി ഉമേന്ദ്രൻ, മനോജ് പയറ്റ് വളപ്പിൽ, കെ. പി. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.










