തിരികെ സ്കൂളിലേക്ക്; കൊയിലാണ്ടി നഗരസഭാതല സ്വാഗത സംഘം രൂപീകരിച്ചു

കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘തിരികെ സ്കൂളിൽ’ സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭാ തല സ്വാഗത സംഘം രൂപീകരിച്ചു. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ പത്തു വരെയാണ് അയൽക്കൂട്ട വനിതകൾ വീണ്ടും വിദ്യാലയങ്ങളിലേക്കെത്തുന്നത്. സംസ്ഥാനതലത്തിൽ 46 ലക്ഷം അയൽക്കൂട്ട വനിതകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയകാല സാധ്യതകൾക്കനുസൃതമായി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഓരോ സി.ഡി.എസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാകും അയൽക്കൂട്ടങ്ങൾ പങ്കെടുക്കുക.

നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി രുപീകരണ യോഗം ചെയർപേഴ്സൺ സുധ കെ പി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ അധ്യക്ഷത വഹിച്ചു. പ്രവർത്തന പദ്ധതി ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ ഷിജുവും പൊതുപരിപാടി എൻ യു എം എൽ കോ ഓർഡിനേറ്റർ തുഷാരയും വിശദീകരിച്ചു.

കൊയിലാണ്ടി നഗരസഭയിൽ ഒക്ടോബർ എട്ട് മുതൽ ഡിസംബർ പത്ത് വരെയാണ് ക്യാമ്പയിൻ നടത്തുന്നത്. 32 റിസോഴ്സ് പേഴ്‌സൻമാരാണ് രണ്ട് സി ഡി എസ് പരിധിയിലെ അയൽക്കൂട്ടങ്ങളായി ക്ലാസുകൾ കൈകാര്യം ചെയ്യുക. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഒക്ടോബർ എട്ടിന് കാനത്തിൽ ജമീല എം എൽ എ നിർവഹിക്കും. സൗത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതം പറഞ്ഞ ചടങ്ങിൽ നോർത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന, മെമ്പർ സെക്രട്ടറി രമിത എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!