സൈബർസെല്ലിന്റെ പേരിൽ വ്യാജസന്ദേശം: പണം ആവശ്യപ്പെട്ട് ഭീഷണി, ജില്ലയിൽ വിദ്യാര്‍ത്ഥി ജീവനൊടുക്കി



കോഴിക്കോട്: വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ലാപ് ടോപ്പില്‍ സിനിമ കാണുന്നതിനിടെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് വ്യാജ സൈറ്റില്‍ നിന്നും 33,900 രൂപ അടയ്ക്കണം എന്ന സന്ദേശം ലഭിക്കുന്നു. ബ്രൗസര്‍ ലോക്ക് ചെയ്‌തെന്നും കംപ്യൂട്ടര്‍ ബ്ലോക്ക് ചെയ്‌തെന്നുമുള്ള സന്ദേശത്തോടെയുമാണ് വ്യാജ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സ്‌ക്രീന്‍, ലാപ്‌ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്.
സൈബര്‍ സെല്ലില്‍ നിന്നുമെന്ന വ്യാജേനയെത്തിയ പണമടയ്ക്കാനുള്ള നിര്‍ദ്ദേശമാണ് ചിങ്ങപുരം എടക്കുടി കമനീഷിന്റെയും ദിവ്യയുടെയും മകനും കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ ആദിനാഥ് (16) ജീവനൊടുക്കുന്നതിന് കാരണമായത്. ഇവര്‍ താമസിച്ച ചേവായൂരിലെ ഫ്‌ലാറ്റില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ മുദ്രയും ഹാക്കര്‍ ഉപയോഗിച്ചു. ഒപ്പം സ്‌ക്രീനില്‍ അശോകസ്തംഭത്തിന്റെ അടയാളവും പതിപ്പിച്ചിരുന്നു.
നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും പണം നല്‍കിയില്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുമെന്നും അറസ്റ്റ് ഉണ്ടാവുമെന്നുമാണ് ലാപ്‌ടോപ്പ് സ്‌ക്രീനില്‍ സന്ദേശം വന്നത്. വീട്ടില്‍ പോലീസ് എത്തുമെന്നും വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുമെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നു. പറഞ്ഞതുക നല്‍കിയില്ലെങ്കില്‍, രണ്ടുലക്ഷം രൂപ പിഴയുണ്ടാവുമെന്നും രണ്ടുവര്‍ഷം തടവ് ലഭിക്കുമെന്നും ഭീഷണിപ്പെടുത്തി.
ആറ് മണിക്കൂറിനുള്ളില്‍ പണമടയ്ക്കണമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ഇതെല്ലാം വായിച്ച് ഭയന്നാവും വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ചുള്ള വിദ്യാര്‍ഥിയുടെ കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പിതാവ്: കമനീഷ് എടക്കുടി (ക്ലാര്‍ക്ക്, ചിങ്ങപുരം സി കെ ജി എം എച്ച് എസ് എസ്). അമ്മ: വിദ്യ കൈപ്പശ്ശേരി (അധ്യാപിക, വള്ളിക്കുന്ന് സി ബി എച്ച് എസ് എസ്).
സഹോദരന്‍: ആരുണ്‍ (വിദ്യാര്‍ഥി).










